യൂത്ത് മാര്‍ച്ചിന് വെള്ളിയാഴ്ച തുടക്കമാകും

0

വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ’ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന് വെള്ളിയാഴ്ച തുടക്കമാകും.ഏഴു ദിവസങ്ങളിലായി നടക്കുന്ന യൂത്ത് മാര്‍ച്ച് 29ന് യുവജന റാലിയോടെ കല്‍പ്പറ്റയില്‍ സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച കോറോത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കി ഇന്ത്യയുടെ ജനാധിപത്യവും, മത സാഹോദര്യവും തകര്‍ത്തുകൊണ്ടും വിദ്വേഷ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയും, കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുന്ന ഇടത് സര്‍ക്കാരിനെതിരെയുമുള്ള ജനകീയ പ്രതിഷേധമായാണ് യൂത്ത്മാര്‍ച്ച് സംഘടിപ്പിക്കുന്നത്. 7000 കോടി അനുവദിക്കുമെന്ന്
പ്രഖ്യാപിച്ച വയനാട് പാക്കേജിലെ അട്ടിമറി, വന്യമൃഗ ശല്യം, ചുരം ബദല്‍ റോഡ്, വയനാട് മെഡിക്കല്‍ കോളേജിന്റെ ശോചനിയാവസ്ഥ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വയനാടിനോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക സമീപനങ്ങള്‍ക്കെതിരെ യൂത്ത് മാര്‍ച്ചില്‍ പ്രതിഷേധം ഉയരും.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി മമ്മുട്ടി, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ അഡ്വ.കെ.എന്‍.എ ഖാദര്‍, യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി.ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിക്കും. യൂത്ത് ലീഗ് വയനാട് ജില്ലാ പ്രസിഡണ്ട് എം.പി നവാസ് ക്യാപ്റ്റനും ജനറല്‍ സെക്രട്ടറി സി. എച്ച് ഫസല്‍ വൈസ് ക്യാപ്റ്റനും ട്രഷറര്‍ ഉവൈസ് എടവെട്ടന്‍ ഡയറക്ടറും സീനിയര്‍ വൈസ് പ്രസിഡണ്ട് അഡ്വ.എ.പി മുസ്തഫ കോഡിനേറ്ററുമായ യൂത്ത് മാര്‍ച്ച് 23ന് വെള്ളമുണ്ടയില്‍ നിന്ന് ആരംഭിച്ച് അഞ്ചാംമൈലിലും 24ന് കുണ്ടാലയില്‍ നിന്ന് ആരംഭിച്ച് കമ്പളക്കാടും 26 ന് മൂലങ്കാവ് നിന്ന് ആരംഭിച്ച് അമ്പലവയലിലും 27ന് പൊഴുതന ആറാംമൈലില്‍ നിന്ന് ആരംഭിച്ച് പടിഞ്ഞാറത്തറയും 28ന് വൈത്തിരിയില്‍ നിന്ന് ആരംഭിച്ച് നെടുംങ്കരണയും 29ന് വൈകുന്നേരം മൂന്ന് മണിക്ക് മുട്ടിലില്‍ നിന്ന് ആരംഭിച്ച് കല്‍പ്പറ്റയിലും സമാപിക്കും. സമാപന സമ്മേളനം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയവര്‍ സംബന്ധിക്കും.രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജില്ലയിലെ 5000ത്തിലധികം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വിവിധ ദിവസങ്ങളില്‍ യൂത്ത് മാര്‍ച്ചില്‍ അണിനിരക്കും. വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എം.പി നവാസ്, ജനറല്‍ സെക്രട്ടറി സി.എച്ച് ഫസല്‍, വൈസ് പ്രസിഡന്റ് ജാസര്‍ പാലക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!