ജില്ലകളിലേക്കുള്ള കൊവിഡ് വാക്സിന്‍ വിതരണം ഇന്ന് മുതല്‍

0

ജില്ലകളിലേക്കുള്ള കൊവിഡ് വാക്സിന്‍ വിതരണം ഇന്ന് മുതല്‍. ശനിയാഴ്ച്ചയാണ് വാക്സിന്‍ കുത്തിവയ്പ്. 133 വാക്സിനേഷന്‍ കേന്ദ്രങ്ങളിലായി പതിമൂവായിരത്തി മുന്നൂറ് ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യ ദിനം വാക്സിന്‍ സ്വീകരിക്കും. 3,68,866 ആരോഗ്യപ്രവര്‍ത്തകരാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് തിരുവനന്തപുരം എറണാകുളം, കോഴിക്കോട് മേഖല സ്റ്റോറുകളില്‍ എത്തിച്ച കൊവിഷീല്‍ഡ് വാക്‌സിന്‍, ഇന്ന് ജില്ലാ വെയര്‍ഹൗസുകളിലേക്ക് എത്തിക്കും.1,34,000 ഡോസ് വാക്സിന്‍ ലഭിച്ച തിരുവനന്തപുരം മേഖലാ കേന്ദ്രത്തില്‍ നിന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കും 1,80,000 ഡോസ് ലഭിച്ച എറണാകുളം മേഖലയില്‍ നിന്ന് ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളിലേക്കും 1,19,500 ഡോസ് ലഭിച്ച കോഴിക്കോട് മേഖലയില്‍ നിന്ന് കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, വയനാട് ജില്ലകളിലേക്കും വാക്സിനെത്തിക്കും.

ഏറ്റവും കൂടുതല്‍ വാക്സിന്‍ ലഭിക്കുന്നത് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ റജിസ്റ്റര്‍ ചെയ്യുകയും, കൂടുതല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളുമുള്ള എറണാകുളം ജില്ലയ്ക്കാണ്. 73000 ഡോസ് ആണ് ലഭിക്കുക. കുറവ് കാസര്‍ഗോഡ് ജില്ലയ്ക്കും. 6860 ഡോസാണ് ഇവിടെ ലഭിക്കുക. തിരുവനന്തപുരത്തിന് 64,020 ഡോസും,കോഴിക്കോട് ജില്ലയ്ക്ക് 40,970 ഡോസും ലഭിക്കും. സര്‍ക്കാര്‍ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരും ഉള്‍പ്പടെ3,68,866 ആരോഗ്യപ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വാക്സിന്‍ സ്വീകരിക്കാനായി എപ്പോള്‍, ഏതു കേന്ദ്രത്തില്‍ എത്തണമെന്നത് സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മൊബൈല്‍ സന്ദേശം ലഭിക്കും. ഒരു കേന്ദ്രത്തില്‍ നൂറു പേര്‍ക്ക് വാക്സിന്‍ നല്‍കും. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൊവിഡ് ബാധിച്ച് നാലാഴ്ച കഴിയാത്തവര്‍, കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ എന്നിവരെ ഒഴിവാക്കും. ഇടതു കൈയിലാണ് കുത്തിവയ്പ്. ആദ്യ ഡോസ് സ്വീകരിച്ച് 28-ാം ദിവസം അടുത്ത ഡോസ് എടുക്കണം. വാക്സിനേഷനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!