സമീപ ദിവസങ്ങളില്‍ കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഭക്ഷ്യ വിഷബാധ. അഞ്ച് ദിവസത്തിനിടെ രണ്ടു യുവതികളാണ് ഭക്ഷ്യവിഷബാധ മൂലം സംസ്ഥാനത്ത് മരണപ്പെട്ടത്. കോട്ടയത്ത് ആരോഗ്യവകുപ്പ് ജീവനക്കാരിയും കാസര്‍ഗോഡ് ഒരു വിദ്യാര്‍ത്ഥിനിയുമാണ് മരിച്ചത്. അല്‍ഫാമൂം കുഴിമന്തിയും കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പ്രാഥമിക നിഗമനം. ഇന്നത്തെ കാലത്ത് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എന്താണ് ഭക്ഷ്യവിഷബാധയെന്നും, ലക്ഷണങ്ങള്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് നോക്കാം.
എന്താണ് ഭക്ഷ്യ വിഷബാധ?
മലിനമായതോ, പഴകിയതോ, സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷണമോ ജലമോ കഴിച്ചത് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പൊതുവായി പറയുന്ന പേരാണ് ഭക്ഷ്യവിഷബാധ. ക്ലോസ്ട്രിഡിയം വിഭാഗത്തിലുള്ള ബാക്ടീരിയകളാണ് പ്രധാനമായും ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത്. ക്ലോസ്ട്രിഡിയം ബോട്ടുലിനം, സാല്‍മണൊല്ല, സ്റ്റെഫൈലോകോക്കസ് എന്നിവയും ഇതിനു കാരണമാകുന്നു. ഈ ബാക്ടീരിയകള്‍ പുറത്തുവിടുന്ന അപകടകാരികളായ ടോക്‌സിനുകള്‍ ജീവനുപോലും ഭീഷണിയാണ്.
ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍?
വയറുവേദന, അതിസാരം, ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, നേരിയ പനി, ലഹീനത, തലവേദന എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. 3 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന വയറിളക്കം, 102°F (38.9°C)നേക്കാള്‍ ഉയര്‍ന്ന പനി, സംസാരത്തില്‍ വ്യക്തതയില്ലായ്മ, കാഴ്ചക്കുറവ്, നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍, വായ വരണ്ടിരിക്കുന്നത്. മൂത്രം അല്‍പ്പാല്‍പ്പം മാത്രം പോവുക, രക്തം കലര്‍ന്ന മൂത്രം എന്നിവയാണ് ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരിക്കലും വച്ച് കൊണ്ടിരിക്കാതെ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
എങ്ങനെ തടയാം?
പഴകിയ ആഹാരം ഉപയോഗിക്കരുത്, രുചി, മണം, നിറം എന്നിവയില്‍ വ്യത്യാസമനുഭവപ്പെട്ടാല്‍ എത്ര വിലകൂടിയ ആഹാരമായാലും കഴിക്കരുത്. പാകം ചെയ്ത ആഹാരം ഏറെനേരം തുറന്നു വയ്ക്കാതെ ഫ്രിജില്‍ സൂക്ഷിക്കാം. പാകം ചെയ്ത, മാംസം, മുട്ട, മത്സ്യം ഇവയും അധികനേരം പുറത്തു വയ്ക്കരുത്. തണുത്ത ആഹാരം നന്നായി ചൂടാക്കി, അല്ലെങ്കില്‍ തിളപ്പിച്ചു മാത്രം കഴിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ബേക്കറി പലഹാരങ്ങള്‍ അന്നന്നു പാകപ്പെടുത്തിയവ തന്നെ കഴിക്കുക. പഴകിയ എണ്ണപ്പലഹാരങ്ങളും ഉപയോഗിക്കരുത്. പായ്ക്കറ്റ് ഫുഡ് വാങ്ങുമ്പോള്‍ നല്ല ബാന്‍ഡ് തെരഞ്ഞെടുക്കണം. എക്‌സ്‌പെയറി ഡേറ്റും പരിശോധിക്കണം.