മാനന്തവാടി താലൂക്കില്‍ കനത്ത മഴയില്‍ വൈദ്യുതി വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടം
മാനന്തവാടി താലൂക്കില്‍ കനത്ത മഴയില്‍ വൈദ്യുതി വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടം. 180 വൈദ്യുതി തൂണുകള്‍ തകരാറിലായി. 7900 പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ 4 ദിവസത്തിനിടെ ഉണ്ടായ കനത്ത മഴയിലും കാറ്റിലും മാനന്തവാടി താലൂക്കില്‍ വൈദ്യുതി വിതരണം താറുമാറായി. മരം കടപുഴകി വീണും, മരക്കൊമ്പുകള്‍ പൊട്ടി വീണ്ടും വ്യാംപകമായി വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 32 ഹൈടെന്‍ഷന്‍ പോസ്റ്റുകള്‍ക്കും, 148 ലോ ടെന്‍ഷന്‍ പോസ്റ്റുകള്‍ക്കും തകരാറുകള്‍ സംഭവിച്ചു. 20 ലക്ഷം രൂപയോളമാണ് നിലവില്‍ നഷ്ട്ടം കണക്കാക്കപ്പെടുന്നത്. ഫോണിലൂടെയും, ഓഫീസുകളില്‍ നേരിട്ടെത്തിയും .വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയുമായി രജിസ്റ്റര്‍ ചെയ്തത് 7 900 പരാതികള്‍. മാനന്തവാടി താലൂക്കില്‍ 82660 ഉപഭോക്താക്കളും, മാനന്തവാടി സബ്ബ് ഡിവിഷന് കീഴില്‍ 25000 ഉപഭോക്താക്കളുമാണ് ഉള്ളത്.മാനന്തവാടി ഇലക്ട്രിക് ഡിവിഷന് കീഴില്‍ മാനന്തവാടി സബ്ബ് ഡിവിഷനും, പനമരം സബ്ബ് ഡിവിഷനുകളുമാണ്, മാനന്തവാടി സബ്ബ് ഡിവിഷന് കീഴില്‍ തവിഞ്ഞാല്‍, കാട്ടിക്കുളം, വെള്ളമുണ്ട, കോറോം, മാനന്തവാടി സെക്ഷന്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
11 കെ വി യുടെ 11 ഫീഡറുകളും താലൂക്ക് പരിധിയിലുണ്ട്. സ്ഥിരം ജീവനക്കാര്‍ക്ക് പുറമെ 12 കരാറുകാരുടെ കീഴിലുള്ള ജീവനക്കാരും വൈദ്യുതി പുനസ്ഥാപിക്കാനായി സജീവമായി സേവനം ചെയ്യുന്നുണ്ട്. പരാതികള്‍ രജിസ്റ്റര്‍ രണ്ട് ലാന്റ് ഫോണുകളും ജീവനക്കാരും 24 മണിക്കൂര്‍ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജാഗ്രത പാലിക്കണമെന്നും ,വിവരം വൈദ്യുതി വകുപ്പിനെ അറിയിക്കണമെന്നും, പരാതികള്‍ പൂര്‍ണ്ണമായും പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്നും അസി: എഞ്ചിനിയര്‍ ഉഷ ഉപേന്ദ്രനാഥ് അറിയിച്ചു. കോറോം, വെള്ളമുണ്ട സെക്ഷനുകളിലാണ് വൈദ്യുതി വിതരണത്തിന് വലിയ രീതീയിലുള്ള തടസ്സം നേരിട്ടത്.കോറോത്ത് സബ്ബ് സ്റ്റേഷന്‍ സര്‍ക്കാര്‍ തലത്തില്‍ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ സ്ഥലം ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നം. കനത്ത കാറ്റും മഴയും .ജീവനക്കാരുടെ കുറവുമെല്ലാം വിതരണം പുനസ്ഥാപിക്കുന്നതിന് വെല്ലുവിളിയായിരുന്നുവെങ്കിലും അതെല്ലാം ഒരു പരിധി വരെ തരണം ചെയ്യാന്‍ വാട്ട്‌സ് ഗ്രൂപ് വഴി പൊതു ജനങ്ങളുടെ സഹകരണത്തോടെ ജീവനക്കാര്‍ക്ക് കഴിഞ്ഞു എന്നുള്ളതും ശ്രദ്ധേയമാണ്