ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമിടിച്ച് കാട്ടാനയ്ക്ക് പരിക്ക്

0

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമിടിച്ച് കാട്ടാനയ്ക്ക് പരിക്കേറ്റു. ദേശീയപാത 766ല്‍ കല്ലൂര്‍ 67ല്‍ ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന കുട്ടിയുള്‍പ്പെടെ 4 തീര്‍ത്ഥാടകര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ കാട്ടാനയ്ക്ക് കുങ്കിയാനയുടെ സഹായത്തോടെ ചികിത്സ നല്‍കാനുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ് .

ശബരിമലയില്‍ നിന്ന് തിരികെ മടങ്ങുന്ന കര്‍ണാടക സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനമിടിച്ചാണ് ഇന്ന് പുലര്‍ച്ചെ കാട്ടാനയ്ക്ക് പരിക്കേറ്റത്. വയനാട് വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 766ല്‍ കല്ലൂര്‍ 67നും എടത്തറയ്ക്കുമിടക്കുള്ള ഭാഗത്താണ് അപകടമുണ്ടായത്. ചെറിയ വളവോടുകൂടിയ ഈ ഭാഗത്ത് വെച്ച് കാട്ടാന റോഡ് മുറിച്ച് കടന്നുവരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടില്ല. പെട്ടെന്ന് മുന്നില്‍ ആനയെ കണ്ട് വാഹനം ബ്രേക്ക് ചെയ്തെങ്കിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ മുന്‍ഭാഗത്തെ ചില്ലടക്കം തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്ന കര്‍ണാടക മൈസൂരു സ്വദേശികളായ കുട്ടിയുള്‍പ്പടെയുള്ള നാല് തീര്‍ത്ഥാടകര്‍ക്കും പരുക്കേറ്റു. ഇവരെ സുല്‍ത്താന്‍ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. വാഹനമിടിച്ച് പരുക്കേറ്റ കൊമ്പന്‍ ഉടനെ സമീപത്തെ വനത്തിലേക്ക് മാറി. മുന്‍കാലിനും ദേഹത്തും സാരമായ പരുക്കേറ്റിട്ടുണ്ട്. അതിനാല്‍തന്നെ ചികിത്സനല്‍കാനാകുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ്. കുങ്കിയാനകളുടെ സഹായത്തോടെ ആവശ്യമെങ്കില്‍ മയക്കുവെടിവെച്ചതിനുശേഷം ചികിത്സനല്‍കാനുമാണ് വനംവകുപ്പ് ശ്രമിക്കുന്നത്. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. അതേസമയം റോഡ് ക്രോസ് ചെയ്യുന്ന ആനയെ കണ്ടില്ലെന്നും അടുത്തെത്തിയപ്പോഴേക്കും ആനതിരിഞ്ഞ് വാഹനത്തെ ആക്രമിച്ച് വനത്തിലേക്ക് മാറിയതായും വാഹനഡ്രൈവര്‍ ഹേമന്ത് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!