ഡിജിറ്റലൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയായി.
ജില്ലയിലെ നവകേരള സദസ്സില്‍ ലഭിച്ച മുഴുവന്‍ പരാതികളുടെയും ഡിജിറ്റലൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയായി.താലൂക്കാഫീസിലെ ജീവനക്കാര്‍ക്ക് പുറമെ തൊട്ടടുത്ത വില്ലേജുകളിലെ ജീവനക്കാര്‍,അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രമഫലമായാണ് ഒരാഴ്ചക്കകം ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കിയത്.18921 പരാതികളാണ് ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലെ പൊതുജനങ്ങളില്‍ നിന്നും ലഭിച്ചത്.
നവംബര്‍ 23 ന് മാനന്തവാടിയില്‍ നടത്തിയ നവകേരളസദസ്സില്‍ 5925 പരാതികളായിരുന്നു ലഭിച്ചിരുന്നത്.വൈത്തിരിയില്‍ 7877 പരാതികളും ബത്തേരിയില്‍ 5119 പരാതികളും ലഭിച്ചു.പരാതികളും അതിനോടനുബന്ധിച്ചുള്ള രേഖകളും പോര്‍ട്ടലിലേക്ക് അപലോഡ് ചെയ്യുന്നതിന്റെ ഭാഗമായി ഇവയെല്ലാം സ്‌കാന്‍ ചെയ്ത് സിസ്റ്റത്തില്‍ അപ് ലോഡ് ചെയ്യുക എന്നത് ശ്രമകരമായ ജോലിയായിരുന്നു.ഇതിനിടയിലെ സര്‍വ്വര്‍ വേഗതക്കുറവ് ജോലി കൂടുതല്‍ ശ്രമകരമാക്കി.താലൂക്കാഫീസിലെ ജീവനക്കാര്‍ക്ക് പുറമെ തൊട്ടടുത്ത വില്ലേജുകളിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രമഫലമായാണ് ഒരാഴ്ചക്കകം ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.മാനന്തവാടി താലൂക്കില്‍ അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാരുടെയും സഹകരണം ഇതിനായി ലഭിച്ചു.മൂന്ന് ദിവസങ്ങളില്‍ രാത്രി 10 മണി വരെ ഇതിനായി സ്ത്രീ ജീവനക്കാര്‍ ഉള്‍പ്പെടെ ഉറക്കമൊഴിച്ച് ജോലി ചെയ്തു. ബീവറേജ് ഔട്ട് ലെറ്റ് അനുവദിക്കണം, മുഖ്യമന്ത്രിയോടത്ത് ഫോട്ടോ എടുക്കന്‍ അനുമതി നല്‍കണം തുടങ്ങിയ പരാതികളും വേറിട്ട അനുഭവങ്ങളായി. ഇതിനിടെ താലൂക്കാഫീസില്‍ നിന്നും നല്‍കേണ്ട അടിയന്തിര സേവനങ്ങളും മുടക്കമില്ലാതെ നല്‍കുകയുണ്ടായി.തഹസില്‍ദാര്‍ എം ജെ അഗസ്റ്റിന്‍,ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ എസ് ജയരാജ് ജോബി തോമസ്, എം സി രേഖ, വില്ലേജ് ഓഫീസര്‍മാരായ ഷേര്‍ലി, ഷാഹിന്‍ താജ്, രാജേഷ്, താലൂക്ക് ഓഫീസ് ജീവനക്കാരായ പ്രിന്‍സ് തോമസ്, റജീഷ്, അമല്‍ വില്‍സന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാനന്തവാടി താലൂക്കിലെ ഡിജിറ്റലൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.ഡിജിറ്റലൈസ് ചെയ്ത പരാതികളെല്ലാം ഇനി കളക്ടറേറ്റില്‍ നിന്നും വകുപ്പ് തലത്തില്‍ വേര്‍തിരിച്ച് അതാത് വകുപ്പ് മേധാവികള്‍ക്കായി അയച്ചു നല്‍കും.വകുപ്പ് തലത്തില്‍ പരാതികള്‍ പരിശോധിച്ച ശേഷമാണ് പരിഹരിക്കപ്പെടാവുന്നവ പരിഗണിക്കുകയും പരാതിക്കാരെ വിവരമറിയിക്കുകയും ചെയ്യുക