കല്‍പ്പറ്റ മൈതാനി- ഫാത്തിമ റോഡിലെ പാലം പണിയുടെ മെല്ലെ പോക്ക് അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലം പണിക്കായി റോഡ് അടച്ചതോടെ ഇതുവഴി പോകുന്ന യാത്രക്കാരും നാട്ടുകാരും ഒരുപോലെ ദുരിതത്തിലാണ്. നിരന്തര പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പാലത്തിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചെങ്കിലും ഇതുവരെയും യാതൊന്നും ആയിട്ടില്ലെന്ന് നാട്ടുകാരുടെ ആക്ഷേപം.
കല്‍പ്പറ്റ നഗരസഭയിലെ 13 വാര്‍ഡിന്റെയും 14 വാര്‍ഡിന്റെയും അതിര്‍ത്തിയുള്ള ഫാത്തിമ ആശുപത്രിയുടെ സമീപത്ത് അപകടഭീഷണി ഉയര്‍ത്തിയ പാലത്തിന്റെ പുനര്‍നിര്‍മാണമാണ് ഇഴഞ്ഞുനീങ്ങുന്നത്. നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നു പൊയ്‌ക്കൊണ്ടിരുന്നത്. 2018ലെ പ്രളയ സമയത്താണ് പാലത്തിന്റെ അരിക് മുഴുവനായി ഇടിഞ്ഞു താഴ്ന്നത്. ഇതോടെ ഏതു സമയത്തും പാലം നിലം പതിക്കുന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന് നിരന്തര പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് അപകടാവസ്ഥയിലായ
പാലം പുനര്‍ നിര്‍മ്മിക്കാന്‍ നഗരസഭ തയ്യാറായത്. പാലം പുനര്‍നിര്‍മ്മിക്കാനായി നഗരസഭയുടെ ഫണ്ടില്‍ നിന്നും ഒരു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ പാലം പണി മെല്ലെപ്പോക്കാണെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍ പണി വേഗത്തിലാണ് പോകുന്നതെന്നും, ഉടന്‍ പൂര്‍ത്തിയാക്കുമെന്നുമാണ് നഗരസഭയുടെ വാദം. പാലം പുനര്‍നിര്‍മ്മിക്കാനായി റോഡ് അടച്ചതോടെ ഈ വഴിയെ ആശ്രയിക്കുന്ന യാത്രക്കാരും നാട്ടുകാരും ദുരിതത്തിലാണ്. റോഡിലൂടെയുള്ള യാത്ര നിര്‍ത്തിയതില്‍ പിന്നെ കല്‍പ്പറ്റ നഗരത്തിലെ ഗതാഗത തടസവും വര്‍ധിക്കുകയാണ്.