ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ബത്തേരി താലൂക്ക് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ച് മുസ്ലിംലീഗ് ബത്തേരി നിയോജകമണ്ഡലം കമ്മറ്റി. താലൂക്ക് ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മന്ത്രിയുടെ വാഹനം കടന്നുപോകുമ്പോള്‍ മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുക, സ്റ്റാഫ് പാറ്റേണ്‍ വര്‍ദ്ധിപ്പിക്കുക, മരുന്ന് ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മന്ത്രി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴും മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടി ലീഗ് ജില്ലാജനറല്‍ സെക്രട്ടറി റ്റി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.എ അസൈനാര്‍ അധ്യക്ഷനായി. സി. കെ ഹാരിഫ്, പി. പി അയ്യൂബ്, കെ. പി അഷ്‌കര്‍, കെ.എം ഷബീര്‍ അഹമ്മദ്, റ്റി. എം ഹൈറുദ്ദീന്‍, സി. കെ മുസത്ഫ, അന്‍സാര്‍ മണിച്ചിറ, റിയാസ് കല്ലുവയല്‍ എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തകര്‍ റോഡിലേക്ക് ഇറങ്ങി പ്രതിഷേധിക്കാതിരിക്കാന്‍ പൊലിസിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധിവും തീര്‍ത്തിരുന്നു. അതേസമയം പ്രതിഷേധം നല്ലതാണെന്നും ഏഴുവര്‍ഷം മുമ്പാണ്ടായിരുന്ന സാഹചര്യവും ഇപ്പോഴുള്ള സൗകര്യവും തമ്മില്‍ താരതമ്യം ചെയ്യണമെന്നും മന്ത്രി പറഞ്ഞു.