ആശുപത്രികളിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടുവിലയിരുത്താനും പോരായ്മ പരിഹരിച്ചു സമയബന്ധിതമായി നടപടി സ്വകരിക്കുന്നതിനുമായി സംസ്ഥാനത്ത് ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ബത്തേരി താലൂക്ക് ആശുപത്രിയിലും മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശനം നടത്തിയത്. രാവിലെ എട്ടുമണിയോടെയാണ് മന്ത്രി എത്തിയത്. പുരുഷ, സ്ത്രീ, കുട്ടികളുടെ വാര്‍ഡുകള്‍ സന്ദര്‍ശിച്ച് ആശുപത്രിയുടെ നിലവിലെ സാഹചര്യം മനസിലാക്കിയാണ് മന്ത്രി മടങ്ങിയത്.
ആദ്യം അത്യാഹിതവിഭാഗത്തില്‍ എത്തി രോഗികളോട് വിവരങ്ങള്‍ ചോദിച്ചു. കഴിഞ്ഞദിവസം പനി ബാധിച്ച് അഡ്മിറ്റായ കുട്ടിയെ, പീഡീയാട്രീഷ്യന്‍ ഉണ്ടായിട്ടും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാന്‍ പറഞ്ഞ കാര്യം കൂട്ടിയുടെ രക്ഷിതാക്കള്‍ മന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ വേണ്ട ഇടപെടല്‍ നടത്താമെന്നും കുട്ടിയെ പരിശോധിച്ച് വേണ്ടത് ചെയ്യാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. റഫര്‍ ചെയ്യാന്‍ പറയാനുണ്ടായ സാഹചര്യത്തെ കുറിച്ച് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ടും മന്ത്രി ചോദിച്ചു. പിന്നീട് ഫ്രണ്ട് ഓഫീസും പുരുഷ, സ്ത്രീ വാര്‍ഡുകളിലും കുട്ടികളുടെ വാര്‍ഡുകളിലും മന്ത്രി എത്തി. രോഗികളോട് വിവരങ്ങളും വീട്ടുവിശേഷങ്ങളും ആശുപത്രിയില്‍ നിന്ന് സേവനങ്ങള്‍ ലഭിക്കുന്നതിനെ കുറിച്ചു ചോദിച്ചറിഞ്ഞു. കൃത്യമായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നും ഭക്ഷണവും കഴിക്കണമെന്നും മന്ത്രി രോഗികളോട് പറഞ്ഞു. ആശുപത്രിയുടെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെട്ടതാണെന്നും രോഗികള്‍ക്കൊപ്പമുള്ള കൂട്ടിരിപ്പുകാര്‍ മന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ ഭൗതിക സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത കാര്യം ആശുപത്രി നടത്തിപ്പ് ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ ഗൗരവമായിതന്നെ മന്ത്രിയെ ധരിപ്പിച്ചു. കൂടാതെ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തന രഹിതമായി കിടക്കുന്നതും മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ഒരു മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ച് വിവരങ്ങള്‍ ആരാഞ്ഞതിനുശേഷവും പോരയ്മകളില്‍ വേണ്ട നടപടിയെടുത്ത് പരിഹരിക്കാമെന്നും പറഞ്ഞാണ് മന്ത്രി മടങ്ങിയത്.