ബ്രഹ്‌മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ കീഴില്‍ മലവയല്‍ മഞ്ഞാടിയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ മീറ്റ് ഫാക്ടറിയുടെ പ്രവര്‍ത്തന പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രത്യക്ഷസമരത്തിനൊരുങ്ങുന്ന നിക്ഷേപകരോട് അല്‍പംകൂടി ക്ഷമിക്കാന്‍ സൊസൈറ്റി അധികൃതര്‍. കഴിഞ്ഞദിവസം നിക്ഷേപകരുടെ കൂട്ടായ്മ വിളിച്ചുചേര്‍ത്ത സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ സൊസൈറ്റി ചെയര്‍മാന്‍ പി.കെ സുരേഷ് അടക്കമുള്ളവര്‍ എത്തിയാണ് വിശദീകരണം നല്‍കിയത്. ഇതോടെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനുള്ള നിക്ഷേപകരുടെ തീരുമാനം മൂന്നാഴ്ചത്തേക്കു കൂടി നീട്ടി.
നിക്ഷേപകര്‍ ആശങ്കപെടേണ്ടതില്ലെന്നും ഡിസംബറോട് ഫാക്ടറി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ പ്രതീക്ഷ പങ്കുവെച്ചു. ഇതോടെ സമരത്തിലേക്ക് നീങ്ങുന്നത് മൂന്നാഴ്ചയിലേക്കുകൂടി നീട്ടിയിരിക്കുകയാണ് നിക്ഷേപകര്‍. സര്‍ക്കാറിലേക്ക് പുനരുദ്ധാരണ പാക്കേജ് സമര്‍പ്പിച്ചിട്ടുണ്ട്. ഫാക്ടറി ഉല്‍പാദനം പൂര്‍ണതോതിലാക്കാനാണ് പദ്ധതിയിടുന്നത്. കേരള ചിക്കന്‍പദ്ധതിയും റീടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും മൂന്ന് വര്‍ഷംകൊണ്ട് ഫാക്ടറി പൂര്‍ണമായ തോതില്‍ സജ്ജമാക്കാനുമാണ് തീരുമാനം. കൂടാതെ നിക്ഷേപകരില്‍ അത്യാവശ്യക്കാര്‍ക്ക് പണം തിരികെനല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായും നിക്ഷേപകരുടെ കൂട്ടായ്മ നേതൃത്വവുമായി മൂന്ന് ആഴ്ചക്കുശേഷം വീണ്ടും ചര്‍ച്ചനടത്തുകയും ചെയ്യും. ഫാക്ടറിയുടെ പുനരുദ്ധാരണ പാക്കേജുമായി പത്ത് ദിവസത്തിനുശേഷം സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചയും നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്നായിരിക്കും സൊസൈറ്റി അധികൃതര്‍ വീണ്ടും നിക്ഷേപകരുടെ കൂട്ടായ്മയുമായി ചര്‍ച്ചനടത്തുക. കഴിഞ്ഞദിവസം ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ 70തോളം നിക്ഷേപകരാണ് പങ്കെടുത്തത്. അതേസമയം പണം നിക്ഷേപിച്ചവര്‍ ആശങ്കയിലാണ്. വീടുനിര്‍മാണം, വിവാഹം, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെടുന്നവരോട് എന്ന പണം നല്‍കുമെന്ന് കൃത്യമായി മറുപടി പറയാത്തത് നിക്ഷേപകരുടെ ആശങ്കയേറ്റുകയാണ്.