ഭിന്നശേഷിക്കാരായ കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്നും അവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും എല്ലാവരും മുന്നിലുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാന കാഴ്ച പരിമിതിവിദ്യാലയത്തില്‍ അന്താരാഷ്ട്ര ബ്രയില്‍ ദിനാഘോഷവും സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ധനസഹായത്തോടെ നടപ്പാക്കിയ ഗ്രന്ഥശാലാ പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന കാഴ്ച പരിമിതിവിദ്യാലയത്തില്‍ നടപ്പാക്കാന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മന്ത്രി ഉറപ്പു നല്‍കി. ശാസ്ത്രസാങ്കേതിക വിദ്യകളുടെ അത്ഭുതകരമായ നേട്ടം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്താനാകുന്നത് കാഴ്ച പരിമിതര്‍ക്കും അംഗപരിമിതര്‍ക്കുമാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും മികച്ച മലയാളം ബ്രയില്‍ വായനക്കാര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു. ബ്രയില്‍ ശ്രവ്യ ഗ്രന്ഥശാലാ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ 28 ഓഡിയോ പുസ്തകങ്ങളും ഏഴ് ബ്രയില്‍ പുസ്തകങ്ങളും സംസ്ഥാനത്തെ കാഴ്ച പരിമിതര്‍ക്ക് വേണ്ടിയുള്ള വിദ്യാലയങ്ങള്‍ക്കായി വിതരണം ചെയ്യുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാര്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ മധു, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പേരയം ശശി തുടങ്ങിയവരും പങ്കെടുത്തു.