വയനാട്ടില്‍ സഞ്ചാരികളുടെ കണ്ണില്‍പ്പെടാതെ പോകുന്ന ഒട്ടനവധി ഇടങ്ങള്‍ വയനാട്ടില്‍ ഒളിഞ്ഞിരിപ്പുണ്ട്. അങ്ങനെയൊരു ഇടമാണ് കാറ്റുകുന്ന്. കണ്ണിനെ മയക്കുന്ന കാഴ്ചകളാലും ശരീരത്തെ തണുപ്പിക്കുന്ന കാറ്റിനാലും ഇവിടം യാത്രികര്‍ക്ക് പ്രിയങ്കരമാകുന്നു.സഞ്ചരികളെ ആകര്‍ഷിക്കുന്ന വയനാട്ടിലെ പുതിയൊരു ട്രെക്കിംഗ് ഇടമാണ് കാറ്റ്കുന്ന്.
ബാണാസുര മലനിരകളില്‍ ഡാമിനോട് ചേര്‍ന്ന് തലയെടുപ്പോടെ നില്‍ക്കുന്ന കാറ്റുകുന്ന് ഏതൊരു സഞ്ചാരിയുടെയും മനസു നിറയ്ക്കും. അതിരാവിലെ കോടമഞ്ഞിന്റെ തണുപ്പിനോട് പൊരുതി മലകയറാന്‍ നിരവധി ആളുകളാണ് കാറ്റ്കുന്നിലേക്ക് എത്താറുള്ളത്.
സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 6000 ത്തോളം അടി ഉയരത്തിലാണ് കാറ്റ്കുന്ന് മല സ്ഥിതി ചെയ്യുന്നത്. കാറ്റ്കുന്നിന്റെ മുകളിലെത്തിയാല്‍ ഊട്ടിപോലും നാണിച്ചു തല താഴ്ത്തും, പിന്നെ ചുണ്ടില്‍ ഒരു ഗാനവും എത്തും ‘ ഇവിടുത്തെ കാറ്റാണ് കാറ്റ് ‘. ദൂരെ എവിടെയോ നിന്ന് ഡാമിലെ ജലത്തെയും കുന്നുകളെയും മലകളെയും തഴുകിയെത്തുന്നത് കൊണ്ടാവാം കാറ്റിന് ഇത്ര തണുപ്പ്. മുകളിലോട്ട് നോക്കിയാല്‍ ആകാശത്തെ തൊട്ടുരുമ്മി നില്‍ക്കുന്ന പുല്‍മേടുകളും, താഴേക്ക് നോക്കിയാല്‍ പേടി തോന്നിക്കും വിധമുള്ള താഴ്വാരങ്ങളും കാണാം. കാറ്റ്കുന്ന് പുതിയൊരു അനുഭവം തന്നെയാണ്.
യാത്രയെ ഇഷ്ടപ്പെടുന്നവര്‍ക്കും തണുപ്പിനോടും കിതപ്പിനോടും പൊരുതാന്‍ കഴിയുന്നവര്‍ക്കും ഇവിടെ എത്താം. 3100 രൂപ ഫീസടച്ചാല്‍ 5 പേരടങ്ങുന്ന ടീമിന് ഗൈഡിന്റെ സഹായത്തോടെ വിസ്മയകാഴ്ചകള്‍ നുകര്‍ന്ന് തിരികെഎത്താം.