വിശ്വനാഥന്റെ മരണം കൊലപാതകമാണന്ന സംശയം ബലപ്പെടുന്നുവെന്ന് ഐക്യദാര്‍ഢ്യ സമിതിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്.എട്ട് മാസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച കല്‍പ്പറ്റ അഡ്‌ലെയ്ഡ് കോളനിയിലെ വിശ്വനാഥന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും മരണത്തില്‍ കുടുംബത്തിന്റെ പല സംശയങ്ങളും ദുരീകരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലന്നും സമിതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കല്‍പറ്റ അഡ്‌ലേഡ് സ്വദേശി വിശ്വാനാഥന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട് എട്ട് മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ ഫെബ്രുവരി 11നാണ് മെഡിക്കല്‍ കോളജ് പരിസരത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തെ വലിയ മരത്തില്‍ വിശ്വനാഥനെ തൂങ്ങി മരിച്ച നിലിയില്‍ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിന് മെഡിക്കല്‍ കോളജില്‍ കൂട്ടിരിക്കാനെത്തിയ വിശ്വനാഥന്റെ പേരില്‍ മോഷണക്കുറ്റം ആരോപിച്ച് സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്നവരും മറ്റു ചേര്‍ന്ന് തലേന്ന് രാത്രി മര്‍ദിച്ചിരുന്നതായും വിശ്വാനാഥന്‍ ആത്മഹത്യ ചെയ്യേണ്ട യാതൊരു കാര്യവുമില്ലെന്നും ബന്ധുക്കള്‍ അന്ന് തന്നെ ആരോപിച്ചിരുന്നു.