ഭവനസമ്പൂര്‍ണ്ണം ഇനി മാനന്തവാടി

0

മാനന്തവാടി – 2020 ഓടെ എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാന്‍ മന്ത്രി ആവാസ് യോജന സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനുമായി ചേര്‍ന്ന് മാനന്തവാടി നഗരസഭയില്‍ നടപ്പാക്കുന്ന ഭവന പദ്ധതി പുരോഗതിയിലേക്ക്. 2017 നവംബറില്‍ മാനന്തവാടിയില്‍ തുടക്കം കുറിച്ച പദ്ധതിയില്‍ 1325 കുടുംബങ്ങളാണ് ഗുണഭോക്താക്കളായിട്ടുണ്ടായിരുന്നത്. ഇതില്‍ 822 പേര്‍ക്ക് ഒന്നാം ഗഡു തുക ലഭിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. നിര്‍മ്മാണം പൂര്‍ത്തിയായ 101 വീടുകളുടെ താക്കോല്‍ദാനം 16 ന് നടക്കുമെന്ന് നഗരസഭ ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സ്റ്റേജുകള്‍ക്ക് ശേഷം നൂറില്‍പ്പരം ഗുണഭോക്താക്കള്‍ അവരുടെ സ്വപ്ന ഭവനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നു. സംസ്ഥാനതലത്തില്‍ പ്രസ്തുത പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ വീട് നല്‍കുന്ന ആദ്യ 5 നഗരസഭകളില്‍ മാനന്തവാടി നഗരസഭയും ഉള്‍പ്പെടുന്നു. 4 ഘട്ടങ്ങളിലായി 4 ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന പദ്ധതിയില്‍ ഒന്നരലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ വിഹിതവും അന്‍പതിനായിരം രൂപ സംസ്ഥാനസര്‍ക്കാര്‍ വിഹിതവും ശേഷിക്കുന്ന 2 ലക്ഷം നഗരസഭാ വിഹിതവുമാണ്. 53 കോടിരൂപ ആദ്യഘട്ട ചിലവ് വരുന്ന പദ്ധതിയില്‍ 26.5 കോടി രൂപ നഗരസഭയാണ് കണ്ടെത്തുന്നത്. ഈ തുക കണ്ടെത്തുന്നതിനായി ഹഡ്കോയില്‍നിന്ന് ലോണ്‍ എടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിരിക്കുന്നു. ജനുവരി അവസാനത്തോടെ പ്രസ്തുത ലോണ്‍ തുക ലഭിച്ച് കഴിഞ്ഞാല്‍ പദ്ധതി നടത്തിപ്പില്‍ വേഗത കൈവരിക്കാന്‍ സാധിക്കും. 1325 ഗുണഭോക്താക്കള്‍ക്ക് പുറമേ 288 കുടുംബങ്ങളെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി നടപടികള്‍ പുരോഗമിച്ചുവരുന്നു. പ്രസ്തുത ഗുണഭോക്താക്കള്‍ക്കുകൂടി അംഗീകാരം ലഭിക്കുന്നപക്ഷം നഗരസഭയിലെ പി.എം.എ.വൈ – ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ എണ്ണം 1613 ആകുകയാണ്. മേല്‍ പദ്ധതി കൂടാതെ ഭവനരഹിതരായ എസ് ടി വിഭാഗത്തില്‍പ്പെട്ട 367 ഗുണഭോക്താക്കള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണപ്രവര്‍ത്തനവും അവസാന ഘട്ടത്തിലാണ്. പലവിധ കാരണങ്ങളാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാതെ കിടന്ന 452 ഭവനങ്ങള്‍ ലൈഫ് മിഷന്റെ ഭാഗമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ട്.

ആഗസ്ത് മാസത്തിലുണ്ടായ കാലവര്‍ഷക്കെടുതിയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ട 78 കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ത്വരിതഗതിയില്‍ നടന്നുവരികയാണ്. മാനന്തവാടി നഗരസഭയിലെ വിവിധ ഇടങ്ങളിലായി 2 ഏക്കര്‍ 27 സെന്റ് സ്ഥലം വിവിധ വ്യക്തികളും സംഘടനകളും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട് മേല്‍ സ്ഥലം ഗുണഭോക്താക്കള്‍ക്ക് കൈമാറി വീട് നിര്‍മ്മിക്കേണ്ടുന്ന പ്രവര്‍ത്തനവും ആരംഭിക്കുകയാണ്.

ജനുവരി 16 ബുധനാഴ്ച്ച രാവിലെ 10 മണിയ്ക്ക് നായനാര്‍ സ്മാരക ടൗണ്‍ഹാളില്‍ വെച്ച് നഗരസഭാ ചെയര്‍പേഴ്സണ്‍ വി ആര്‍ പ്രവീജിന്റെ അധ്യക്ഷതയില്‍ മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ കൈമാറുകയും, വയനാട് സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നഗരസഭയ്ക്ക് സൗജന്യമായി ലഭ്യമായ ഭൂമിയുടെ രേഖ കൈമാറല്‍ ചടങ്ങും നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍, വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി.ബിജു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാരദ സജീവന്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലില്ലി കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!