കോവിഡ് ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലും കോവിഡ് മരണത്തിനുള്ള ധനസഹായ അപേക്ഷ വില്ലേജ് ഓഫിസുകള്‍ക്കു സ്വീകരിക്കാമെന്ന് സര്‍ക്കാര്‍. അപേക്ഷ നല്‍കാത്ത ആശ്രിതരെ വീട്ടിലെത്തി നേരിട്ടുകണ്ട് അപേക്ഷിക്കാന്‍ ആവശ്യപ്പെടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ധനസഹായ വിതരണം സംബന്ധിച്ച കേസ് അടുത്ത വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ വരാനിരിക്കെയാണു സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ലഘൂകരിച്ചത്.
കോവിഡ് പോരാട്ടത്തിന് 2 വയസ്സ്: നേട്ടങ്ങളുടെ പൊള്ളത്തരം പൊളിച്ച് മരണക്കണക്ക്
ഈ മാസം 19നു കേസ് പരിഗണിച്ചപ്പോള്‍ കേരളത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ഒരാഴ്ചയ്ക്കകം ധനസഹായം കൊടുത്തുതീര്‍ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പല സംസ്ഥാനങ്ങളിലും കോവിഡ് മൂലം മരിച്ചവരെക്കാള്‍ കൂടുതല്‍ അപേക്ഷ ലഭിച്ചപ്പോള്‍ കേരളത്തില്‍ അപേക്ഷകള്‍ കുറയുന്നത് എന്തുകൊണ്ടെന്നു ചോദിച്ച കോടതി, സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് അപേക്ഷ തള്ളരുതെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. കോവിഡ് കണക്കുകളില്‍ വീഴ്ച വരുത്തിയ രണ്ടു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ കോടതി വിളിച്ചുവരുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണു കേരളത്തില്‍ നടപടികള്‍ക്കു വേഗമേറുകയും കുരുക്കഴിയുകയും ചെയ്തത്.
നേരത്തേ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഒപ്പിട്ട കോവിഡ് ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ വീട്ടില്‍ വച്ചു മരിച്ചവര്‍ക്കും കോവിഡ് അനന്തര പ്രശ്‌നങ്ങള്‍ മൂലം മരിച്ചവര്‍ക്കും മറ്റും ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇതു മൂലം പലര്‍ക്കും അപേക്ഷിക്കാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണു സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും പകരം മരിച്ച സമയത്ത് ആശുപത്രിയില്‍ നിന്നു നല്‍കിയ വിവരങ്ങള്‍ മാത്രം മതിയെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
അപേക്ഷിക്കാന്‍ ഇനിയും 9000+ പേര്‍
കേരളത്തില്‍ കോവിഡ് ബാധിച്ചു മരിച്ചവരില്‍ ഒന്‍പതിനായിരത്തിലേറെ പേരുടെ അവകാശികള്‍ ഇനിയും 50,000 രൂപ ധനസഹായത്തിന് അപേക്ഷ നല്‍കിയിട്ടില്ല. മരിച്ചവരുടെ മുഴുവന്‍ പേരു വിവരങ്ങള്‍ ആരോഗ്യ വകുപ്പില്‍ നിന്നു ശേഖരിച്ചു പഞ്ചായത്തുകള്‍ക്കു കൈമാറിയിട്ടുണ്ട്. പഞ്ചായത്തുകളുടെ വാട്‌സാപ് ഗ്രൂപ്പുകളില്‍ ഈ വിവരങ്ങള്‍ പങ്കുവയ്ക്കുകയും അംഗങ്ങള്‍ വഴി അനന്തരാവകാശികളെ നേരിട്ടു കണ്ട് അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്.