അമൃത കലശയാത്ര സംഘടിപ്പിച്ചു
ആസാദി കാ അമൃത് മഹോത്സവ് മേരി മാട്ടി മേരാ ദേശ് ക്യാമ്പെയിനിന്റെ ഭാഗമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നെഹ്‌റു യുവ കേന്ദ്ര വയനാട്, എന്‍.സി.സി യൂണിറ്റ്, എന്‍.എം.എസ്.എം ഗവ.കോളേജ്, ജവഹര്‍ നവോദയ വിദ്യാലയം എന്നിവരുടെ സഹകരണത്തോടെ ലക്കിടിയില്‍ അമൃത കലശയാത്ര സംഘടിപ്പിച്ചു. പുല്‍വാമ രക്തസാക്ഷി ധീരജവാന്‍ വി. വി. വസന്തകുമാറിന്റെ വീട്ടില്‍ നിന്നും മണ്ണ് ശേഖരിച്ചു കൊണ്ടാണ് യാത്ര തുടങ്ങിയത്. വസന്തകുമാറിന്റെ അമ്മ ശാന്തയെ ചടങ്ങില്‍ ആദരിച്ചു. വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിദാസ് ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജര്‍ ബിപിന്‍ മോഹന്‍, നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ ഡി. ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
രാജ്യവ്യാപകമായി നടക്കുന്ന ക്യാമ്പെയിനിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും മണ്ണ് ശേഖരിച്ച് ഒക്ടോബര്‍ അവസാനം ഡല്‍ഹിയിലെത്തിച്ച് നാഷണല്‍ വാര്‍ മെമ്മോറിയലിന് സമീപം അമൃത ഉദ്യാനം നിര്‍മ്മിക്കും. സെപ്റ്റംബര്‍ 30നകം ഗ്രാമങ്ങളില്‍ നിന്നുമുള്ള മണ്ണ് ശേഖരണം പൂര്‍ത്തിയാകും. ഒക്ടോബര്‍ മാസത്തില്‍ ബ്ലോക്ക്തല കാമ്പെയിന്‍ നടക്കും. തുടര്‍ന്ന് രാജ്യത്തെ 7500 ബ്ലോക്കുകളില്‍ നിന്നും മണ്ണുമായി നെഹ്‌റു യുവ കേന്ദ്ര വോളന്റിയര്‍മാര്‍ ദേശീയ തലത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.