അംബേദ്കര്‍ ഗ്രാമവികസന പദ്ധതി ഉദ്ഘാടനം ചെയ്തു
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ തീണൂര്‍ ആദിവാസി കോളനിയില്‍ 2019-2020 വര്‍ഷത്തെ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പദ്ധതിയുടെ തറക്കല്ലിടല്‍ ഐ സി ബാലകൃഷ്ണല്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീഷ് അധ്യക്ഷയായിരുന്നു. 50 ലക്ഷം രൂപയുടെ വികസന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. തിനൂര്‍ കള്‍വര്‍ട്ട്-കമ്മ്യൂണിറ്റി ഹാള്‍-ഇന്റര്‍ലോക്ക് വര്‍ക്ക് -ചുറ്റുമതില്‍-ടോയ്ലറ്റ് നിര്‍മ്മാണം-ഫര്‍ണിച്ചര്‍-ഇലെക്ട്രിഫിക്കേഷന്‍- ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നിര്‍മ്മിതി കേന്ദ്രം വയനാടിനാണ് പദ്ധതിയുടെ നിര്‍മ്മാണ ചുമതല. 6 മാസമാണ് പദ്ധതി പൂര്‍ത്തീകരണ കാലാവധി.
ജനപ്രതിനിധികളായ എം.എ അസൈനാര്‍, സുമ ഭാസ്‌ക്കരന്‍, ജില്ലാ പട്ടിക വികസന ഓഫീസര്‍ കെ. മനോഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പട്ടിക ജാതി വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം ഉദ്യോഗസ്ഥര്‍, പണിയ സമുദായ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.