യുവജനങ്ങളുടെ ശാക്തീകരണം ജാഗ്രാതാ സഭ രൂപീകരിച്ചു

0

നാടിന്റെ ക്ഷേമത്തിനായി യുവജനതയെ ശാക്തീകരിക്കുമെന്ന് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യുവജന കമ്മീഷന്‍ ജില്ലാതല ജാഗ്രതാ സഭാ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കലാലയങ്ങളിലും യുവജന കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും, ലഹരി തുടങ്ങിയ സാമൂഹിക വിപത്തുകള്‍ തടയുന്നതിനായി യുവജനങ്ങളുടെ പിന്തുണ അത്യന്താപേക്ഷിതമാണ്. കലാലയങ്ങളുടെ സഹകരണത്തോടെ ലഹരിവിരുദ്ധ ക്യാമ്പെയിന്‍ സംഘടിപ്പിക്കും. യുവജനങ്ങളുടെ മാനസികാരോഗ്യവും കര്‍മ്മശേഷിയും ഉയര്‍ത്തുന്നതിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക, ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ജില്ലകള്‍ തോറും ജാഗ്രതാസഭ രൂപീകരിക്കുന്നത്.

ജില്ലയിലെ വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രതിനിധികള്‍, സര്‍വ്വകലാശാല, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി പ്രതിനിധികളെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ ജാഗ്രതാസഭ രൂപീകരിച്ചു. ജില്ലാതല ജാഗ്രതാസഭ രൂപീകരണ യോഗത്തില്‍ യുവജന കമ്മീഷന്‍ അംഗം കെ റഫീഖ് അദ്ധ്യക്ഷനായിരുന്നു. കമ്മീഷനംഗം കെ.കെ വിദ്യ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പ്രകാശ് പി ജോസഫ്, ജില്ലാ കോര്‍ഡിനേറ്റര്‍മാരായ കെ ജറീഷ്, ആദര്‍ശ് എം ആനന്ദ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രതിനിധികള്‍, സര്‍വ്വകലാശാല, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!