ചെതലയം താത്തൂര്‍ കോളനി റോഡിലേക്കുള്ള ഒരു കിലോമിറ്റര്‍ ദൂരം ഇപ്പോഴും സഞ്ചാരയോഗ്യമല്ല.അസുഖമായവരെയും ഗര്‍ഭിണികളെയും ആശുപത്രിയിലെത്തിക്കാന്‍ ചുമലിലേറ്റി പോകേണ്ട അവസ്ഥയാണ് പ്രദേശവാസികള്‍ക്ക്.കോളനിയിലേക്കുള്ള റോഡ് നന്നാക്കി സഞ്ചാരയോഗ്യമാക്കുമെന്ന് അന്നത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.ഇനിയും പ്രഖ്യാപനം യാഥാര്‍ഥ്യമായില്ല.
ഒരു പതിറ്റാണ്ട് മുമ്പ് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയപ്പോഴാണ് മണിയുടെ കോളനിയായ ചെതലയം താത്തൂര്‍ കോളനിയിലേക്കുള്ള റോഡ് നന്നാക്കി സഞ്ചാരയോഗ്യമാക്കുമെന്ന് അന്നത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.എന്നാല്‍ ഇതുവരെ പ്രഖ്യാപനം യാഥാര്‍ഥ്യമായിട്ടില്ല.ചെതലയം ആറാംമൈലില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരമാണ് താത്തൂര്‍ പണിയകോളനി, കാട്ടുനായ്ക കോളനികളിലേക്കുള്ളത്. ആറാം മൈലില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം ടാറിംഗ് നടത്തിയിട്ടുണ്ട്. തുടര്‍ന്നുവരുന്ന ദൂരമാണ് ശാപമോക്ഷമില്ലാതെ കിടക്കുന്നത്.
വയലിനുനടുവിലൂടെയും ഫോറസ്റ്റിന് സമീപത്തുകൂടെയും കടന്നുപോകുന്ന ഒരു കിലോമീറ്റര്‍ ദൂരത്തില്‍ കാല്‍നടയാത്രപോലും സാധ്യമല്ല. ചെറിയ ചാറ്റല്‍ മഴപെയ്താല്‍ പോലും ഈ ഭാഗം ചളിക്കുളമാകും. ഇത് കോളനികളിലെ 30-ാളം കുടുംബങ്ങള്‍ക്കും റോഡിനെ ആശ്രയിക്കുന്ന നൂറുകണക്കിന് മറ്റ് കുടുംബങ്ങള്‍ക്കും ദുരിതമായിരിക്കുകയാണ്.
അസുഖമായവരെ ആശുപത്രിയിലെത്തിക്കാനും, പ്രദേശത്തെ വലുകളില്‍ കൃഷിയിറക്കുന്ന വിളകള്‍ പുറംലോകത്തെത്തിക്കാനും മറ്റുസാധ്യമാകാത്ത അവസ്ഥയാണ്. ടാറിംഗ് നടത്തിയ രണ്ട് കിലോമീറ്റര്‍ ദൂരവും പൊളിഞ്ഞ് കിടക്കുകയാണ്. ഇതും ചെറിയ വാഹനങ്ങള്‍ക്കും മറ്റും ഏറെ ദുരിതമാണ് വരുത്തുന്നത്. ഇനിയെങ്കിലും ഈ അവസ്ഥയ്ക്ക് പരിഹാരം കാണണമൊണ് പ്രദേശവാസികളുടെയും കോളനി നിവാസികളുടെയും ആവശ്യം.