കമ്പമല മാവോയിസ്റ്റ് ആക്രമണം; നിര്‍ണായക വിവരങ്ങള്‍ പൊലീസിന്
തലപ്പുഴ കമ്പമലയില്‍ ആക്രമണം നടത്തിയ മാവോയിസ്റ്റ് സംഘത്തിലെ നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന . സിപി മൊയ്തീന്‍, സന്തോഷ്, തമിഴ്നാട് സ്വദേശി വിമല്‍കുമാര്‍, തൃശൂര്‍ സ്വദേശി മനോജ് എന്ന ആഷിഖ് എന്നിവര്‍ ഉള്‍പ്പെട്ടതായി പൊലീസ്.വനവികസന കോര്‍പ്പറേഷന്റെ ഡിവിഷന്‍ ഓഫീസാണ് മാവോയിസ്റ്റ് സംഘം ആക്രമിച്ചത്. കെഎഫ്ഡിസി ജീവനക്കാരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളുടെ പട്ടിക തയ്യാറാക്കിയത്. ആക്രമണം നടത്തിയ മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ടും പൊലീസും അന്വേഷണം ഊര്‍ജ്ജിതമാക്കി.
മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്നലെ 12.30ഓടെയാണ് കമ്പമലയിലെത്തിയ ആറംഗ മാവോയിസ്റ്റ് സായുധ സംഘം വനംവകുപ്പ് ഓഫീസ് ആക്രമിക്കുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്തത്. ഓഫീസിലെ ജനല്‍ ചില്ലുകളും മറ്റും അടിച്ചു നശിപ്പിച്ചിരുന്നു.ഓഫീസിന്റെ വിവിധ ഭാഗങ്ങളില്‍ ചുമരുകളില്‍ പോസ്റ്ററുകളും പതിച്ചശേഷമാണ് സംഘം പിന്തിരിഞ്ഞു പോയത്. കമ്പമല പാടിയിലെ തൊഴിലാളികള്‍ക്ക് വാസയോഗ്യമായ വീട് നല്‍കണമെന്ന ആവശ്യമാണ് സിപിഐ മാവോയിസ്റ്റിന്റെ പേരിലുള്ളതാണ് പോസ്റ്ററുകളില്‍ ഉള്ളത്.