കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍, കേരള പുനര്‍നിര്‍മ്മാണ പദ്ധതി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, യു.എന്‍.ഡി.പി എന്നിവര്‍ സംയുക്തമായി മലയാള മനോരമയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സുരക്ഷിത കേരളം ക്യാമ്പയിനും ദുരന്തങ്ങളെ അതിജീവിക്കുന്ന പാര്‍പ്പിട നിര്‍മ്മാണ രീതികളെ കുറിച്ചും ദുരന്ത ലഘൂകരണത്തെ കുറിച്ചുള്ള പ്രദര്‍ശനവും ജനുവരി 25, 26 തീയ്യതികളില്‍ കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നടക്കുമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ വയനാട് വിഷനോട് പറഞ്ഞു.
സുരക്ഷിത കേരളത്തിനായി പ്രളയത്തെ അതിജീവിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിന് നിരവധി മുന്‍ കരുതലുകള്‍ എടുക്കേണ്ടിയിരിക്കുന്നു. സുരക്ഷിത കേരളമെന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതിന്റെ സാങ്കേതിക രീതികളെ സംബന്ധിച്ചും മാതൃകകള്‍ സഹിതം വിശദമായി പ്രതിപാദിക്കുന്ന ഒരു പ്രചരണ പരിപാടി കേരളത്തിലെ ഏഴു ജില്ലകളില്‍ സംഘടിപ്പിക്കുന്നു. പൂര്‍ണ്ണമായി ദുരന്തബാധിതമായ ഏഴു ജില്ലകളിലെ പാര്‍പ്പിട പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് സക്രിയമായ ഇടപെടലുകള്‍ യു.എന്‍.ഡി.പിയും മറ്റ് സംഘടനകളും നടത്തിവരുന്നതിന്റെ ഭാഗമായാണ് റോഡ്ഷോയും ജില്ലാ കേന്ദ്രങ്ങളില്‍ പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നത്. പ്രദര്‍ശനത്തിനായി തയ്യാറാക്കിയിട്ടുള്ള വിവിധ സ്റ്റാളുകളില്‍ ദുരന്തങ്ങളെ അതിജീവിക്കുന്ന കെട്ടിട നിര്‍മ്മാണത്തെ സംബന്ധിച്ചുള്ള വിശദവിവരങ്ങളും നിര്‍മ്മാണ മാതൃകകളും പ്രദര്‍ശിപ്പിക്കുന്നതും അതു സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നതുമാണ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറാണാകുളം, തൃശ്ശൂര്‍, വയനാട് ജില്ലകളിലാണ് പ്രചരണ പരിപാടികള്‍ നടക്കുക.