വെള്ളമുണ്ട- പുളിഞ്ഞാല്‍-തോട്ടോളിപടി റോഡ് നിര്‍മ്മാണത്തിലെ അപാകത:ഉന്നത ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി
വെള്ളമുണ്ട പുളിഞ്ഞാല്‍ തോട്ടോളി പടി റോഡ് നിര്‍മ്മാണത്തിലെ അപാകത,നാഷണല്‍ ക്വാളിറ്റി മോണിറ്ററിംഗ് ടീമും ഉന്നത ഉദ്യോഗസ്ഥ സംഘവും പരിശോധന നടത്തി.റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിലും പണി പൂര്‍ത്തീകരിച്ച ഭാഗത്തിലെ അപാകതയും ചൂണ്ടിക്കാണിച്ച് റോഡ് ആക്ഷന്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് വിദഗ്ധ സംഘം പരിശോധന നടത്തിയത്.
വെള്ളമുണ്ട താഴെയങ്ങാടിയില്‍ നിന്നും തുടങ്ങി പുളിഞ്ഞാല്‍ മൊതക്കര അത്തിക്കൊല്ലി തോട്ടോളി പടി റോഡ് പണിയാണ് വര്‍ഷങ്ങളായി ഇഴഞ്ഞു നീങ്ങുന്നത്. വെള്ളമുണ്ട മൊതകര റോഡിലൂടെ കാല്‍നട പോലും ദുഷ്‌കരമാണ്. ടാറിങ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച മൊതകര തോട്ടോളി പടി വരെയുള്ള ഭാഗത്ത് പണി പൂര്‍ത്തീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് തകരുകയും നിര്‍മ്മാണത്തില്‍ വ്യാപക ക്രമക്കേടുകളും ചൂണ്ടിക്കാണിച്ചുകൊണ്ട് റോഡ് ആക്ഷന്‍ കമ്മിറ്റി പ്രധാനമന്ത്രിക്ക് അടക്കം പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹിയില്‍ നിന്ന് എത്തിയ നാഷണല്‍ കോളിറ്റിമോണിറ്ററിങ് ടീമും ജില്ലയിലെ പ്രധാനമന്ത്രി ഗ്രാമീണ്‍ സടക് യോജന പദ്ധതിയുടെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനീയറും അടങ്ങിയ ഉന്നത ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്. കൃത്യമായ റോഡ് അളന്നു ലെവല്‍ ടെസ്റ്റ് ചെയ്തും, റോഡ് കുഴിച്ച് മെറ്റീരിയല്‍സ് പരിശോധിച്ചും ശാസ്ത്രീയമായ രീതിയിലാണ് പരിശോധന നടന്നത്. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും പരിശോധന സമയത്ത് എത്തിയിരുന്നു. നാഷണല്‍ കോളിറ്റി മോണിറ്ററിങ് ടീം തലവനു മുന്‍പാകെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തിക്കെതിരെ പരാതി ബോധിപ്പിച്ചു. കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുള്ള അലംഭാവമാണ് റോഡ് പണി ഈ രീതിയില്‍ ആവാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അധികാരികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഉടന്‍ കൈമാറും. അതിനുശേഷം റോഡ് പണി വേഗത്തില്‍ ആകുമെന്നും, അപാകതകള്‍ പരിഹരിക്കും എന്ന വിശ്വാസത്തിലാണ് നാട്ടുകാരും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും