കള്ളത്തോക്കും വെടിക്കോപ്പുകളും പിടികൂടി
വേട്ടയ്ക്കുപയോഗിക്കുന്ന കള്ളത്തോക്കും വെടിക്കോപ്പുകളും ഉള്‍പ്പടെ രണ്ട് പേരെ വനപാലകര്‍ പിടികൂടി. സീതാമൗണ്ട് ഐശ്വര്യക്കവല പഴമ്പള്ളില്‍ സിബി (51) കൊളവള്ളി മുളകുന്നത്ത് എം.വി സജി (41) എന്നിവരെയാണ് പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ വി ആര്‍ ഷാജിയുടെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്. തോക്കും വെടിക്കോപ്പുകളുമായി സംഘം വേട്ടയ്ക്കിറങ്ങിയെന്ന് ചെതലയം റേഞ്ച് ഓഫീസര്‍ കെ.പി അബ്ദുള്‍ സമദിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച രാത്രി കൊളവളളിയില്‍ വനപാലകര്‍ കാവലിരുന്നത്. ഇവരില്‍ നിന്ന് നാടന്‍ തോക്കിന് പുറമെ തിരകളും വേട്ടയ്ക്കുപയോഗിക്കുന്ന സാമഗ്രികളും പിടികൂടി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ യു മണികണ്ഠന്‍, സിവില്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.കെ താരനാഥ്, വി.പി സിജിത്ത്, പി.ആര്‍ സതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ പോലീസിന് കൈമാറി.