കല്ലൂര്‍ തേക്കുംപറ്റയില്‍ പ്രദേശവാസികളായ ടി.എ രതീഷ്, വിജേഷ് വേങ്ങപ്പുര, രതീഷ് എന്നിവര്‍ ചേര്‍ന്ന് പാട്ടത്തിനെടുത്ത ഭൂമിയില്‍ വിളചെയ്ത കാച്ചില്‍ കൃഷിയാണ് കഴിഞ്ഞദിവസം ഇറങ്ങിയ കാട്ടാന നശിപ്പിച്ചത്. മൂപ്പെത്തി വിളവെടുക്കാന്‍ പാകമായ ഒരേക്കറിലെ കാച്ചില്‍ പൂര്‍ണമായും കാട്ടാന നശിപ്പിച്ചു. ഇതുവഴി ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് ഇവര്‍ക്കുണ്ടായിരിക്കുന്നത്. ഓണത്തിന് വിളവെടുക്കാന്‍ പാകത്തിന് ഇറക്കിയ കൃഷിയായിരുന്നു.
കൃഷിയിടത്തിനുചുറ്റും സ്വന്തം നിലയില്‍ ഫെന്‍സിങ് സ്ഥാപിച്ചും, കാവല്‍മാടം സ്ഥാപിച്ച് രാത്രി കാവല്‍ കിടന്നുമാണ് കൃഷി സംരക്ഷിച്ചുവന്നിരുന്നത്. കാട്ടാന കൃഷിയിടത്തില്‍ ഇറങ്ങിയ ദിവസം രാത്രി എട്ടുമണിവരെ കൃഷിയിടത്തില്‍ ഇവര്‍ കാവലുണ്ടായിരുന്നു. പക്ഷേ സമീപത്തെ വയലില്‍ ഇറങ്ങിയ പുള്ളിമാനുകളെ തുരത്താന്‍പോയി തിരികെ എത്തിയപ്പോഴേക്കും കാച്ചില്‍കൃഷി കാട്ടാന നശിപ്പിച്ചിരുന്നു. പ്രദേശത്ത് കാട്ടാനയുളപ്പടെയുള്ള വന്യമൃഗശല്യം രൂക്ഷമായിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ ആരോപണം. നഷ്ടപരിഹാരതുക ലഭിക്കുന്നതും വൈകുകയാണ്. കൃഷിയിലേക്ക് ആകൃഷ്ടരായി എത്തുന്ന ചെറുപ്പക്കാരെപോലും വന്യമൃഗശല്യം പിന്തിരിപ്പിക്കുകയാണ്. ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാറിന്റെ ശക്തമായ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.