വിവിധ കായിക സംഘടനകളുടെയും ടൂറിസം സംഘടനകളുടെയും നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച കൂട്ടയോട്ടം ലഹരിക്കെതിരെയുള്ള വലിയ സന്ദേശമായി. വിദ്യാര്‍ത്ഥികളടക്കം നൂറ് കണക്കിനാളുകള്‍ ഒരേ ലക്ഷ്യത്തിനായി ഓടിയപ്പോള്‍ സെലിബ്രിറ്റികളും അവര്‍ക്കൊപ്പം ചേര്‍ന്നു.
വയനാട് ഡി.ടി.പി.സി.യും ടൂറിസം വകുപ്പും വയനാട് ടൂറിസം ഓര്‍ഗനൈസേഷനും ചേര്‍ന്ന് നടത്തുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിന്റെ ഭാഗമായാണ് വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ബൈപ്പാസില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചത്. കായിക താരങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍ , ജനപ്രതിനിധികള്‍ ,വിവിധ സംഘടനകളുടെ ഭാരവാഹികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളില്‍പ്പെട്ടവര്‍ ലഹരിക്കെതിരെയുള്ള കൂട്ടയോട്ടത്തില്‍ പങ്കാളികളായി. അവര്‍ക്ക് ആവേശം പകര്‍ന്ന് മഹാ സന്ദേശത്തിന്റെ വാഹകരായി സെലിബ്രിറ്റികളും അണിനിരന്ന് വലിയൊരു സാഗരമായി ബൈപ്പാസിലൂടെ നീങ്ങിയപ്പോള്‍ കല്‍പ്പറ്റ എം.എല്‍.എ. ടി. സിദ്ദീഖ് എല്ലാവരെയും കോര്‍ത്തിണക്കി മുന്നില്‍ നിന്ന് നയിച്ചു. മതത്തിനും രാഷ്ട്രീയത്തിനും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അതീതമായി ലഹരിക്കെതിരെയുള്ള കൊടുങ്കാറ്റും പേമാരിയുമായിരുന്നു മഴ മഹോത്സവത്തിന്റെ സമാപന ദിവസത്തെ കൂട്ടയോട്ടം .