വയനാടന്‍ തേനിനൊപ്പം തേനില്‍ നിന്നുള്ള മുല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍. നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡും സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര കാര്‍ഷിക ക്ഷേമ മന്ത്രാലായത്തിന്റെ നയമനുസരിച്ച് തേനീച്ച കര്‍ഷകരുടെ കാര്‍ഷികോല്‍പാദക കമ്പനി രൂപീകരിച്ചു.കല്‍പ്പറ്റ അയ്യപ്പക്ഷേത്ര കോംപ്ലക്‌സില്‍ ഗ്രാമവിള എന്ന പേരില്‍ ആരംഭിച്ച ഔട്ട് ലെറ്റിന്റെ ഉദ്ഘാടനവും ആദ്യ വില്പനയും ഹോര്‍ട്ടികോര്‍പ്പ് ഡയറക്ടര്‍ വിജയന്‍ ചെറുകര നിര്‍വ്വഹിച്ചു.
വയനാട് ജില്ലയില്‍ നിന്നുള്ള തേന്‍, മെഴുക് , തേനില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിച്ച് കര്‍ഷകരെ സഹായിക്കാനാണ് നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡും സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പും പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി വയനാട്ടിലെ നൂറ് കണക്കിന് കര്‍ഷകരെ ഓഹരി ഉടമകളാക്കി വയനാട് ഗ്രാമ വികാസ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിച്ചു..
എഫ്.പി.ഒ.യുടെ ഉദ്ഘാടനം കല്‍പ്പറ്റ നഗര സഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.അജിത നിര്‍വ്വഹിച്ചു. കര്‍ഷകര്‍ക്കുള്ള ഓഹരി പത്രങ്ങള്‍ നാഷണല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡ് ഗുജറാത്ത് ആനന്ദ് സീനിയര്‍ മാനേജര്‍ റോമി ജേക്കബ് വിതരണം ചെയ്തു. ചടങ്ങില്‍ വയനാട് ഗ്രാമ വികാസ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ കെ.ജയശ്രീ അധ്യക്ഷത വഹിച്ചു. ഹോര്‍ട്ടികോര്‍പ്പ് റീജിയണല്‍ മാനേജര്‍ ബി.സുനില്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം. കോയ, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സി.എം. ഈശ്വരപ്രസാദ്, എന്‍.മാലതി, അഞ്ജന സാഹു, എന്‍.കെ.സുജിത് തുടങ്ങിയവര്‍ സംസാരിച്ചു.