ജില്ലയിലെ ഹൈസ്‌കൂളുകള്‍ ആസ്ബറ്റോസ് മുക്തമായി

0

വയനാട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള മുഴുവന്‍ ഹൈസ്‌കൂള്‍, പ്ലസ്ടു ക്ലാസ്സ് മുറികളും ആസ്ബറ്റോസ് മുക്തമായി.ആസ്ബറ്റോസ് മേല്‍ക്കൂരകള്‍ക്ക് ചൂടുപിടിക്കുമ്പോള്‍ അവയില്‍ നിന്ന് ചെറിയ അദൃശ്യമായ നാരുകള്‍ വായുവില്‍ പടരുകയും മിസോത്തിലിയോമൊ എന്ന ക്യാന്‍സറിന് കാരണമാകുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.വെള്ളമുണ്ട ഡിവിഷന്‍ പരിധിയിലെ അവശേഷിക്കുന്ന അവസാനത്തെ ആസ്ബറ്റോസ് മേല്‍ക്കൂരയായ വാരാമ്പറ്റ ഹൈസ്‌കൂളിലെ ഏതാനും ക്ലാസ്സ് റൂം മേല്‍ക്കൂര കൂടി മാറ്റിപ്പണിതതോടെ വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും കേരളത്തിലെ സമ്പൂര്‍ണ ആസ്ബറ്റോസ് മുക്ത ഹൈസ്‌കൂളുകളാകുന്ന ഡിവിഷനായി മാറിയിരിക്കുകയാണ്.

വിദേശരാജ്യങ്ങളില്‍ എല്ലാം അതുകൊണ്ടുതന്നെ ആസ്ബസ്റ്റോസിനെ ഒരു നിശബ്ദ കൊലയാളി ആയിട്ടാണ് വിലയിരുത്തുന്നത്. ഈ ക്യാന്‍സര്‍ ബാധിച്ച് പ്രതിവര്‍ഷം മൂന്നു ലക്ഷത്തിലധികം പേരാണ് ലോകമെമ്പാടും മരണപ്പെടുന്നത്. അതുകൊണ്ടുതന്നെ പല വികസിത രാജ്യങ്ങളും ഈ നിശബ്ദ കൊലയാളിയെ വര്‍ഷങ്ങള്‍ക്കു മുന്‍പേ നിരോധിച്ചിരുന്നു.സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നിന്ന് ഇവയെ പൂര്‍ണമായി നീക്കം ചെയ്യാന്‍ സര്‍ക്കാരും കോടതിയുമൊക്കെ കൃത്യമായ ഇടപെടല്‍ നടത്തിയതാണ്.

ജില്ലാ പഞ്ചായത്തിന്റെ 2022-2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 17 ലക്ഷം രൂപ ഉപയോഗിച്ച് കൊണ്ടാണ് വാരാമ്പറ്റ ഹൈസ്‌കൂളില്‍. പ്രവൃത്തി പൂര്‍ത്തീകരിച്ചത്.യുഎന്‍ ദുരന്ത നിവാരണ വിഭാഗത്തിലെ തലവനും പ്രകൃതി വ്യവസായ ദുരന്ത വിദഗ്ധനുമായ മുരളി തുമ്മാരുകുടി തന്റെ അച്ഛന്‍ മിസോത്തിലിയോമ എന്ന ശ്വാസകോശത്തിന്റെ ആവരണത്തില്‍ ഉണ്ടാക്കുന്ന കാന്‍സര്‍ ബാധിച്ചാണ് മരണപ്പെട്ടത് എന്നും അതിനു കാരണം ആസ്ബസ്റ്റോസ് നാരുകള്‍ ശ്വസിക്കുന്നത് ആണെന്നും ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.

വിദേശരാജ്യങ്ങളില്‍ ഇത്തരം ക്യാന്‍സര്‍ ബാധിച്ച് മരിച്ചവര്‍ക്ക് ഭീമമായി നഷ്ടപരിഹാരം നല്‍കി പല കമ്പനികളും പാപ്പരാകുന്ന സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.വിദ്യാലയങ്ങള്‍ ജനകീയ ഇടപെടലുകളിലൂടെയും സര്‍ക്കാര്‍ സഹായത്തോടെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന പുതിയകാലത്ത് വിദ്യാലയങ്ങളും സര്‍വ്വ സജ്ജമായി മാറിയിരിക്കുകയാണെന്ന് ഡിവിഷന്‍ മെമ്പര്‍ കൂടിയായ ജുനൈദ് കൈപ്പാണി പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!