പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയപ്പോള്‍ വീണ്ടും പോക്‌സോ കേസില്‍ അറസ്റ്റില്‍

0

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയതിന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയപ്പോള്‍ സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസില്‍ അറസ്റ്റില്‍.തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണന്‍(31) ആണ് സൈബര്‍ പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയെ ലൈംഗീകാതിക്രമത്തിന് വിധേയയാക്കി മൊബൈലില്‍ ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ വഴി പ്രചരിപ്പിച്ചതിനാണ് കേസ്. ഉണ്ണികൃഷ്ണനെ കൂടാതെ മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിയുന്ന കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ്(30)നെതിരെയും സൈബര്‍ പോലീസ് കേസ് എടുത്തിട്ടുണ്ട് .ഇയാള്‍ ജയിലിലായതിനാല്‍ നിയമപരമായി അറസ്റ്റ് രേഖപ്പെടുത്തുകയാണ് ചെയ്തത്. മീനങ്ങാടി പോലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത 14 കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് ഇവരും കൊളഗപ്പാറ സ്വദേശി സജിത്ത് (25) എന്ന യുവാവുംകഴിഞ്ഞ ആറിനാണ് ആദ്യം മീനങ്ങാടി പോലീസിന്റെ അറസ്റ്റിലാവുന്നത്.

ഒന്നാം പ്രതി ജ്യോതിഷ് പെണ്‍ കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയും ഇതിന്റെ വീഡിയോയും ഫോട്ടോയും സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ ലഭിച്ച രണ്ടാം പ്രതി ഉണ്ണികൃഷ്ണന്‍ ഇതുപയോഗിച്ച് അതിജീവതയെ ഭീഷണിപ്പെടുത്തുകയും നഗ്‌ന വിഡിയോ കോള്‍ ചെയ്യുകയും ആയത് പ്രചരിപ്പിക്കുകയും ചെയ്തു. മൂന്നാം പ്രതിയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. ഇവര്‍ക്കെതിരെ പോക്‌സോ നിയമം, ഐ.ടി.ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഉണ്ണികൃഷ്ണനെ റിമാന്‍ഡ് ചെയ്തു.

മൊബൈലില്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അന്വേഷണവും നടപടിയും കര്‍ശനമായിരിക്കുമെന്ന് സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന പോലീസ് ഓഫീസര്‍ ഷജു ജോസഫ് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!