കൊതിപ്പിക്കുന്ന രുചിയോടെ ശിഖരങ്ങില്‍ നിന്നും വീഴുന്ന ഞാവല്‍പഴം പെറുക്കാന്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും വനാതിര്‍ത്തികളിലെ ഞാവല്‍ മരച്ചുവടുകളില്‍ എത്തുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഞാവല്‍പഴം കൂടുതലാണെന്നാണ് വനാതിര്‍ത്തികളിലുള്ളവര്‍ പറയുന്നത്.
വയനാടന്‍ കാടുകളില്‍ മണ്‍സൂണ്‍ആരംഭത്തോടെതന്നെ ഞാവല്‍പഴത്തിന്റെയും കാലമായി. ചെറുതും വലുതമായ ഞാവല്‍മരങ്ങള്‍ പഴുത്തുനില്‍ക്കുന്ന കായകള്‍കൊണ്ട് സമൃദ്ധമാണ്. ആരുടെയും വായില്‍വെള്ളമൂറുന്ന തരത്തിലാണ് ഞാവല്‍പഴങ്ങള്‍ കുലകളായി മരങ്ങളില്‍ ഉള്ളത്. ഇത് പറിക്കാനും കഴിക്കാനും നിരവധിആളുകളും എത്തുന്നുമുണ്ട്. പഴുത്തകായകള്‍ കാറ്റില്‍ ഞെട്ടറ്റ് വീഴുന്നതുംകാത്ത് മരച്ചുവടുകളില്‍ ആളുകളിരിക്കുന്ന കാഴ്ചയമുണ്ട്. ചിലര്‍ കമ്പെറിഞ്ഞ് പറിക്കുന്നതും കാണാം. നിലത്തുവീഴുന്നവ ചതയുന്നതിനാല്‍ വലവിരിച്ചാണ് പലരും ഇവ പറിക്കാറ്. വയനാടന്‍ കാടുകളില്‍ ഞാവല്‍മരങ്ങള്‍ ധാരളാമുള്ളതും ഇവയെല്ലാം ഇത്തവണ സമൃദ്ധമായി കായ്ച്ചതും ഗോത്രവിഭാഗങ്ങള്‍ക്ക് ഒരുവരുമാനമാര്‍ഗം കൂടിയാണ്. പഴുത്ത ഞാവല്‍കായകള്‍ ഇലയില്‍പൊതിഞ്ഞ് വനപാതയോരങ്ങളില്‍ എത്തിച്ചുവില്‍പ്പന നടത്തുന്നകാഴ്ചയും വരുംനാളുകളില്‍ കാണാനാകും.