ദുര്‍ബ്ബല പ്രദേശത്ത് നിക്ഷേപിച്ച മണ്ണ് മാറ്റാന്‍ തഹസില്‍ദാരുടെ ഉത്തരവ്
തിരുനെല്ലി പഞ്ചായത്തില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കുന്നിന്‍ മുകളില്‍ നിക്ഷേപിച്ച മണ്ണ് എടുത്ത് മാറ്റി, ഏഴ് ദിവസത്തിനുള്ളില്‍ പൂര്‍വസ്ഥിതി യിലാക്കണമെന്ന് മാനന്തവാടി തഹസില്‍ദാരുടെ ഉത്തരവ്.നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭൂമി പരിസ്ഥിതിലോല മേഖലയിലാണെന്ന് ചൂണ്ടി കാണിച്ച് നാട്ടുകാര്‍ പരാതി നല്‍കിയത് വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.രണ്ടാഴ്ച മുന്‍പാണ് തൃശ്ശിലേരി സ്‌കുളിന്റെ ഗ്രൗണ്ട് നിര്‍മ്മാണത്തിനായി എടുത്ത് മാറ്റിയ മണ്ണ്അനധികൃതമായി തോട്ടടുത്ത കുന്നില്‍ നിക്ഷേപിച്ചത്. വയനാട് വിഷന്‍ വാര്‍ത്ത തുണയായെന്ന് പ്രദേശവാസികള്‍
പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് നിയമം കാറ്റില്‍പ്പറത്തി നിക്ഷേപിച്ച മണ്ണ് എടുത്തു മാറ്റി പൂര്‍വസ്ഥിതിയിലാക്കണമെന്ന് മാനന്തവാടി തഹസില്‍ദാര്‍ ഉത്തരവ് നല്‍കി. 7 ദിവസത്തിനുള്ളില്‍ സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കണമെന്നാണ് നിര്‍ദ്ദേശം. പ്രളയത്തില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്താണ് 20 മീറ്ററോളം ഉയരത്തില്‍ വലിയ രീതിയില്‍ മണ്ണ് നിക്ഷേപിച്ചത്. പഞ്ചായത്തിന് റോഡ് നിര്‍മ്മിക്കാന്‍ മണ്ണ് ആവശ്യമാണ് എന്ന് വ്യക്തമാക്കിയിട്ടും അവിടെ നിക്ഷേപിക്കാതെ പ്രദേശവാസികളുടെ വീടിനും സ്വത്തിനും ഭീഷണിയായി കുന്നില്‍ മുകളില്‍ അശാസ്ത്രിയമായ രീതിയില്‍ മണ്ണ് നിക്ഷേപിച്ചത്. അതീവ പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ നടത്തിയ മണ്ണ് നിക്ഷേപത്തിനെതിരെ നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. അപകട ഭീഷണിയായ മണ്ണിന്റെ വാര്‍ത്ത പുറത്ത് കൊണ്ടുവന്ന വയനാട് വിഷനും മണ്ണ് എടുത്തു മാറ്റാന്‍ ഉത്തരവിട്ട റവന്യൂ വകുപ്പിനും പ്രദേശവാസികള്‍ നന്ദി പറഞ്ഞു