രാത്രികാല ഡോക്ടര്‍മാരുടെ സേവനത്തിനുള്ള കോള്‍ സെന്ററുകള്‍ വിപുലീകരിക്കും-മന്ത്രി ജെ.ചിഞ്ചുറാണി

0

ക്ഷീര കര്‍ഷകര്‍ക്ക് 24 മണിക്കൂര്‍ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുന്നതിനുള്ള കോള്‍ സെന്റര്‍ സേവനം വിപുലീകരിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.മൃഗസംരക്ഷണ വകുപ്പിന് കീഴിലെ സുല്‍ത്താന്‍ ബത്തേരി ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ പുതുതായി നിര്‍മ്മിച്ച ട്രെയിനീസ് ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ 1962 നമ്പറില്‍ വിളിച്ച് കോള്‍ സെന്റര്‍ വഴി പരിഹാരം നേടാനാകും. അടിയന്തിര സാഹചര്യങ്ങളില്‍ ഡോക്ടറുടെയോ വാഹനത്തിന്റെയോ സേവനം ആവിശ്യമെങ്കില്‍ കോള്‍ സെന്റര്‍ മുഖേന അതത് പഞ്ചായത്തുകളിലേക്ക് സന്ദേശങ്ങള്‍ നല്‍കി കര്‍ഷകന് സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

പശുക്കളിലും എരുമകളിലും കണ്ടു വരുന്ന ചര്‍മ്മമുഴയ്ക്ക് എതിരെയുള്ള വാക്‌സിന്‍ രോഗം വരുന്നതിന് മുമ്പേ സ്വീകരിക്കണം. കുളമ്പ് രോഗത്തിന് വാക്‌സിന്‍ നല്‍കിയ പോലെ ചര്‍മ്മമുഴ രോഗത്തിനുള്ള വാകസിനും ശക്തമാക്കണം. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന മൃഗങ്ങള്‍ക്ക് രോഗങ്ങള്‍ ഇല്ല എന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു.
പശുക്കളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാന്‍ ഇ-സമൃധം പദ്ധതിയിലൂടെ സാധ്യമാണെന്നും
കര്‍ഷകര്‍ക്ക് ആശ്വാസമായി സമഗ്രമായ ഇന്‍ഷൂറന്‍സ് പരിരക്ഷ അവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.

പന്നിപ്പനിക്ക് എതിരെ ശക്തമായി പ്രതിരോധിച്ച ജില്ലാ ഭരണകൂടത്തെയും, മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.

ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ അദ്ധ്യക്ഷത വഹിച്ചു. വയനാട് കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനത്തില്‍ പരിശീലന സമയത്ത് കര്‍ഷകര്‍ക്ക് താമസിക്കുന്നതിനായി 96 ലക്ഷം രൂപ ചിലവഴിച്ചാണ് ട്രെയിനീസ് ഹോസ്റ്റല്‍ നിര്‍മ്മിച്ചത്. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ചുമതല വഹിച്ചവര്‍ക്ക് ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ഉപഹാരം നല്‍കി.
‘പശുക്കളിലെ അകിടു വീക്കവും പ്രതിരോധ മാര്‍ഗ്ഗങ്ങളും’ എന്ന വിഷത്തില്‍ കെ.വി.കെ.എസ്.യു പൂക്കോട് അസോസിയേറ്റ് പ്രൊഫസര്‍ ആന്റ് ഹെഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വെറ്ററിനറി എപ്പിഡമോളജി ആന്റ് പ്രിവന്റീവ് മെഡിസിന്‍ ഡോ. പി.എം. ദീപ സെമിനാര്‍ അവതരിപ്പിച്ചു.

മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വിന്നി ജോസഫ് പദ്ധതി വീശദീകരിച്ചു. പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബെന്നി ജോണ്‍, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ. കെ. ജയരാജ്, സുല്‍ത്താന്‍ ബത്തേരി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഡിവിഷന്‍ കൗണ്‍സിലര്‍ പി.കെ സുമതി, സുല്‍ത്താന്‍ ബത്തേരി എല്‍.എം.ടി.സി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എസ്. ദയാല്‍, സുല്‍ത്താന്‍ ബത്തേരി ക്ഷീരസംഘം പ്രസിഡന്റ് കെ.കെ. പൗലോസ്, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍, പി.കെ രാമചന്ദ്രന്‍, സി.എം സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!