ഇന്ന് ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം

0

ആരോഗ്യവാനായ ഒരാളില്‍ രക്തസമ്മര്‍ദം 120/80 മി.മീറ്റര്‍ മെര്‍ക്കുറി ആയിരിക്കും. രക്തസമ്മര്‍ദം 140/ 90 നുമുകളിലായാല്‍ അത് രക്താതിമര്‍ദം എന്നറിയപ്പെടുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്.തിരക്ക് പിടിച്ച ഈ ജീവിതത്തിനിടയില്‍ ആരോഗ്യത്തിലുളള നമ്മുടെ ശ്രദ്ധ പലപ്പോഴും കുറയുന്നുണ്ട്. ഇന്ന് ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം അഥവാ രക്തസമ്മര്‍ദ്ദ ദിനമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിശബ്ദനായ കൊലയാളിയെന്നാണ് വിശേഷിപ്പിക്കുന്നത്. ഹൈപ്പര്‍ടെന്‍ഷനെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ദിവസമായാണ് മെയ് 17-ന് ലോക രക്താതിമര്‍ദ്ദ ദിനം ആചരിക്കുന്നത്.രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയില്‍ ലംബമായി ചെലുത്തുന്ന മര്‍ദമാണ് രക്തസമ്മര്‍ദ്ദം അഥവാ ബ്ലഡ്പ്രഷര്‍. ആരോഗ്യവാനായ ഒരാളില്‍ രക്തസമ്മര്‍ദം 120/80 മി.മീറ്റര്‍ മെര്‍ക്കുറി ആയിരിക്കും. രക്തസമ്മര്‍ദം 140/ 90 നുമുകളിലായാല്‍ അത് രക്താതിമര്‍ദം എന്നറിയപ്പെടുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ അല്ലെങ്കില്‍ രക്തസമ്മര്‍ദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക് പോലെയുള്ള നിരവധി പ്രശ്‌നങ്ങളാണ് പലരേയും പിടിപെടുന്നത്. അതുപോലെ വൃക്ക തകരാറിലാകാനും കണ്ണുകളിലേക്കുള്ള രക്തധമനികള്‍ കേടുവരാനും സാധ്യതയുണ്ട്. മാനസിക സമ്മര്‍ദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാം. അപകടകരമായ അളവില്‍ രക്തസമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ വൈദ്യസഹായവും മരുന്നും അത്യാവശ്യമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം കാലുകളിലേയ്ക്കും കൈകളിലേയ്ക്കുമുള്ള സുഗമമായ രക്തപ്രവാഹം തടസപ്പെടാനുള്ള സാധ്യത ഏറെയാണ്. നടക്കുമ്പോള്‍ കാലുവേദന, തണുത്ത കൈകാലുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഇതുമൂലം ഉണ്ടാകാം. കാല്‍പത്തിക്ക് ചുവപ്പോ നീലയോ നിറം, കാലുകളില്‍ മരവിപ്പ്, കാലുകളിലെ രോമം കൊഴിഞ്ഞ് പോകല്‍ തുടങ്ങിയവയും ഉണ്ടാകാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ഭൂരിഭാഗം ആളുകള്‍ക്കും തലവേദന വരാനുള്ള സാധ്യത കൂടുതലാണ്. അതിരാവിലെ തന്നെ തലവേദന അനുഭവപ്പെടുന്നത് ചിലപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാകാം. മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ മറ്റൊരു ലക്ഷണമായാണ് വിദ?ഗ്ധര്‍ പറയുന്നത്. ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ മറ്റൊരു ലക്ഷണമായാണ് ഇതിനെ വിദ?ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രക്തസമ്മര്‍ദ്ദം കൂടുതലായിരിക്കുമ്പോള്‍ ഒരാള്‍ക്ക് ശ്വസിക്കാന്‍ പ്രയാസമുണ്ടാകാം. ഹൈപ്പര്‍ടെന്‍ഷന്റെ സാധാരണ ലക്ഷണങ്ങളില്‍ ഒന്നാണിത്. കാഴ്ച മങ്ങല്‍, നെഞ്ചുവേദന, തലക്കറക്കം തുടങ്ങിയവയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളാണ്.

ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും നിത്യജീവിതത്തില്‍ നമ്മള്‍ ചെയ്തുപോകുന്ന സാധാരണ കാര്യങ്ങളൊക്കെ തന്നെയാകാം രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നത്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

  • ഉപ്പ് അമിതമായാല്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാവുക. രക്തസമ്മര്‍ദ്ദമുള്ളവര്‍ ഉപ്പ് അധികം കഴിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉപ്പിന്റെ ഉപയോഗം ദിനംപ്രതി ആറ് ഗ്രാമില്‍ താഴെ ആയിരിക്കുവാന്‍ ശ്രദ്ധിക്കുക.
  • ശരീരഭാരം കൂടുന്നത് പലപ്പോഴും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതിനാല്‍ ശരീരഭാരം കുറയ്ക്കുക. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതാണ് നല്ലത്.
  • മദ്യപിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ മദ്യപാനത്തിലും നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കുക.
  • ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
  • പുകവലിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതമായുള്ള പുകവലി ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ പിടിപെടുന്നതിനും കാരണമാകുന്നു.
  • ‘സ്ട്രെസ്’ ആണ് രക്തസമ്മര്‍ദ്ദം ഉയരാന്‍ ഇടയാക്കുന്ന മറ്റൊരു നിത്യ പ്രശ്നം. യോഗ, ധ്യാനം, പ്രാര്‍ത്ഥന, വിനോദം, ക്രിയാത്മക ചിന്ത തുടങ്ങിയ വഴികളിലൂടെ ടെന്‍ഷന്‍ ഒഴിവാക്കുക.
  • രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. എണ്ണയില്‍ വറുത്ത വസ്തുക്കള്‍, റെഡ് മീറ്റ്, ബേക്കറി സാധനങ്ങള്‍, മായം കലര്‍ന്ന വസ്തുക്കള്‍, അച്ചാറുകള്‍ തുടങ്ങിയവ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കൂടുതലുള്ള ആഹാരം ശീലമാക്കുക.

 

Leave A Reply

Your email address will not be published.

error: Content is protected !!