കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലെ സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ജനുവരി 27ന് ചേരും. രാവിലെ 11 മണിക്കാണ് യോഗം ചേരുക.
ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപകര്‍ സ്‌കൂളില്‍ ഹാജരാകുന്നത് സംബന്ധിച്ച കാര്യങ്ങള്‍,10,11,12 ക്ലാസുകളുടെ നടത്തിപ്പ്, കുട്ടികളുടെ വാക്‌സിനേഷന്റെ പുരോഗതി, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ഡി ഡി, ആര്‍ ഡി ഡി, എ ഡി തലത്തിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം നടക്കുക.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിന്റെ തീരുമാനം അനുസരിച്ച്, സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ ജനുവരി 21 മുതല്‍ രണ്ടാഴ്ചക്കാലം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് നടക്കുക. ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ രണ്ടാഴ്ചവരെ അടച്ചിടാന്‍ പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.