മധ്യകേരളത്തിലെ കനത്ത പോളിംഗ്; പ്രതീക്ഷയില്‍ മുന്നണികള്‍

0

നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ കനത്ത പോളിംഗ്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ 75 ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തി. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ വ്യാപകമായി ഇരട്ടവോട്ട് നടന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കനത്ത മഴ കാരണം കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം പോളിംഗ് മന്ദഗതിയിലായിരുന്നു.

ഉച്ചയ്ക്ക് ശേഷം മധ്യകേരളത്തിലെ പല ജില്ലകളിലും ശക്തമായ മഴ പെയ്തത് പോളിംഗ് മന്ദഗതിയിലാക്കി. കനത്ത മഴ പാലാ, കടുത്തുരുത്തി, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, തൊടുപുഴ തുടങ്ങിയ മണ്ഡലങ്ങളില്‍ പോളിംഗിനെ ബാധിച്ചു. വൈദ്യുതി തടസം നേരിട്ടതോടെ മലയോര മേഖലകളിലെ ബൂത്തുകളില്‍ വെളിച്ചക്കുറവ് പ്രതിസന്ധിയായി. കോട്ടയം ജില്ലയിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. 73 ശതമാനത്തോളം പേര്‍ വോട്ട് ചെയ്ത വൈക്കം മണ്ഡലത്തിലാണ് കൂടുതല്‍ പോളിംഗ്. കേരളാ കോണ്‍ഗ്രസുകള്‍ നേര്‍ക്കുനേര്‍ മത്സരിച്ച കടുത്തുരുത്തിയില്‍ 66 ശതമാനത്തോളം പേര്‍ മാത്രമേ വോട്ട് ചെയ്തുള്ളൂ. അതിനിടെ കോട്ടയം എസ്എച്ച് മൗണ്ടില്‍ വോട്ട് ചെയ്യാനെത്തിയ മധ്യവയസ്‌ക കുഴഞ്ഞുവീണ് മരിച്ചു. നട്ടശ്ശേരി സ്വദേശി അന്നമ്മ ദേവസ്യ ആണ് മരിച്ചത്.

തൃശൂര്‍ ജില്ലയില്‍ മികച്ച പോളിംഗ് നടന്നെങ്കിലും തൃശൂര്‍, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ പോളിംഗ് കുറഞ്ഞു. ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത് കൈപ്പമംഗലത്താണ്. അതേസമയം കടുത്ത മത്സരം നടന്ന വടക്കാഞ്ചേരിയിലും കുന്നംകുളത്തും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. എറണാകുളം ജില്ലയിലെ നഗരപ്രദേശങ്ങളില്‍ പോളിംഗ് കുറഞ്ഞെങ്കിലും കിഴക്കന്‍ മേഖലകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂ അനുഭവപ്പെട്ടു. ട്വന്റി ട്വന്റി വെല്ലുവിളി ഉയര്‍ത്തിയ കുന്നത്തുനാട് മണ്ഡലത്തില്‍ 81 ശതമാനത്തില്‍ അധികമാണ് പോളിംഗ്.

Leave A Reply

Your email address will not be published.

error: Content is protected !!