ഇറിഗേഷന്‍ ടൂറിസം നടപ്പിലാക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

0

ജലസംരക്ഷണ പ്രവര്‍ത്തനങ്ങളോടൊപ്പം ടൂറിസം പ്രവൃത്തികളും ഉള്‍പ്പെടുത്തി ഇറിഗേഷന്‍ ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ .സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തിരുനെല്ലിയിലെ കൂമ്പാരക്കുനിയില്‍ നിര്‍മ്മിക്കുന്ന ചെക്ക് ഡാമിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഇറിഗേഷന്‍ ടൂറിസത്തിനായി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്തും. മാനന്തവാടി മണ്ഡലത്തിലെ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. പുതിയതായി നിര്‍മ്മിക്കുന്ന കൂമ്പാരക്കുനി ചെക്ക്ഡാമിന് അനുബന്ധമായി കനാല്‍ നിര്‍മ്മിക്കണമെന്ന ആവശ്യം പരിഗണനയിലാണെന്നും എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുനെല്ലി എസ്.എ.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു.

തിരുനെല്ലി പഞ്ചായത്തിലെ കൂമ്പാരക്കുനി പാലത്തിന് സമീപത്ത് കാവേരി റിവര്‍ ബേസിന്‍ പദ്ധതിയില്‍പ്പെടുത്തി കാളിന്ദി പുഴക്ക് കുറുകെ 1.50 മീറ്റര്‍ ഉയരത്തിലും 25 മീറ്റര്‍ നീളവുമുള്ള ചെക്ക് ഡാമും ഇരുകരകളിലുമായി 158 മീറ്റര്‍ നീളത്തിലുള്ള കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തിയും 90 മീറ്റര്‍ പൈപ്പ് ലൈനും നിര്‍മ്മിക്കുന്ന പദ്ധതിക്ക് ഒരു കോടി രൂപയാണ് വകയിരുത്തിയത്. പതിനൊന്നായിരം ക്യുബിക് മീറ്റര്‍ ജലസംഭരണിയുള്ള ചെക്ക് ഡാം യാഥാര്‍ത്യമായാല്‍ പ്രദേശത്തെ നൂറ് കണക്കിനാളുകളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. കൂമ്പാരക്കുനി, മാന്താനം പ്രദേശങ്ങളിലെ കൃഷിക്കാര്‍ക്കും ചെക്ക്ഡാമിന്റെ ഗുണം ലഭിക്കും.

ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ഡി അനിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍ സുശീല, വാര്‍ഡ് മെമ്പര്‍ പി.എന്‍ ഹരീന്ദ്രന്‍, കേരള സിറാമിക് ലിമിറ്റഡ് ചെയര്‍മാന്‍ കെ.ജെ ദേവസ്യ, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.പി വിനോദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാഷ്ട്രീയ പ്രതിനിധികള്‍, പാടശേഖര സമിതി പ്രതിനിധികള്‍, എസ്.ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!