എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കേരളാ പോലീസ് സ്റ്റാള്‍ ഏവരെയും ആകര്‍ഷിക്കുന്നു.മൂന്നേകാല്‍ കിലോ ഭാരം. ഒരേ സമയം 600 റൗണ്ടുകള്‍. 400 മീറ്റര്‍ എഫക്ടീവ് റെയ്ഞ്ച് മാഗ്സിന്‍ കപ്പാസിറ്റി 30 റൗണ്ടുകള്‍. എ.കെ.47 എന്ന കലാഷ് നിക്കോവ് തോക്കാണ് ഇന്നും താരം. കൈയ്യിലെടുത്തും ഭാരം നോക്കിയുമെല്ലാം പോലീസിന്റെ ആയുധങ്ങളെ പരിചയപ്പെടാനും എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടിലെ മേളയില്‍ വന്‍ തിരക്കാണ്
അനുഭവപ്പെടുന്നത്. ഡീപ്പ് സേര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍, നോണ്‍ ലീനിയര്‍ ജംഗ്ഷന്‍ ഡിറ്റക്ടര്‍, മള്‍ട്ടി ഷെല്‍ ലോഞ്ചര്‍, ഗ്യാസ് ഗണ്‍, ആന്റി റൈറ്റ് ഗണ്‍, ബോര്‍ പമ്പ് ആക്ഷന്‍ ഗണ്‍ തുടങ്ങിവിവിധ തരം പിസ്റ്റലുകളും പോലീസിനെ കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെയുണ്ട്.
ജനങ്ങളും പോലീസും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ കഥകള്‍ പറയുന്ന ജനമൈത്രി പോലീസ് പ്രവര്‍ത്തനങ്ങള്‍ ഇവിടെ നിന്നും നേരിട്ടറിയാം. പോലീസ് സേനയുടെ കരുത്ത് തെളിയിക്കുന്ന വിവിധതരം തോക്കുകളും ആയുധങ്ങളും വെടിയുണ്ടകളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടാനുള്ള അപൂര്‍വ്വ അവസരമായും ഇതിനെ കാണുന്നവരുണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ ഈ സ്റ്റാളില്‍ ഏറെ നേരം ചെലവിടുന്നു. സെബര്‍ സെല്‍, ബോംബ് സ്‌ക്വാഡ്, ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍, വയര്‍ലെസ് സംവിധാനം, ടെലികമ്യൂണിക്കേഷന്‍ വിഭാഗം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള വിവരണങ്ങളും മേളയില്‍ എത്തുന്നവര്‍ക്ക് നല്‍കുന്നുണ്ട്.
വനിതകള്‍ക്കും കുട്ടികള്‍ക്കും ആക്രമണങ്ങളില്‍ നിന്നും സ്വയം പ്രതിരോധിക്കാനുള്ള ആയോധന മര്‍മ്മ വിദ്യകളെ പറ്റിയും പോലീസ് സ്റ്റാളില്‍ വനിതാ പോലീസ് ബോധവല്‍ക്കരണം നല്‍കുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടുത്തി നടത്തുന്ന ഡെമോന്‍സ്‌ട്രേഷന്‍ ക്ലാസുകളും നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും സ്വയം പ്രതിരോധത്തിന്റെ ചുവടുകള്‍ പഠിപ്പിക്കുകയുമാണ് ക്ലാസുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് വനിത സിവില്‍ പോലീസ് ഉദ്യോസ്ഥര്‍ പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണനത്തിനായി വയനാട് ജില്ലാ പോലീസില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളെ ഈ സ്റ്റാളില്‍ പരിചയപ്പെടുത്തുന്നുണ്ട്. വനിതാ സെല്‍, വനിത സ്വയം പ്രതിരോധ പരിശീലനം, വനിതാ ഹെല്‍പ്പ് ലൈന്‍, വുമണ്‍ ഡെസ്‌ക്, പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ട്, നിര്‍ഭയം ആപ്ലിക്കേഷന്‍, അപരാജിത ഓണ്‍ലൈന്‍, ചിരി പ്രൊജക്ട്, ഹോപ്പ് പ്രോജക്ട്, ശിശു സൗഹൃദ പോലീസ് സ്റ്റേഷന്‍ എന്നിങ്ങനെയാണ് കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണത്തിനായുള്ള പദ്ധതികള്‍. വയനാട് പോലീസ് സേനയില്‍ നിന്നുള്ളവരാണ് സ്റ്റാളില്‍ പൊതുജനങ്ങള്‍ക്കായി കേരളപോലീസിന്റെ സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്നത്.