2002ല്‍ മരിച്ച ആളുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 21 വര്‍ഷം: നിയമ നടപടിക്കൊരുങ്ങി മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി
2002ല്‍ മരിച്ച എള്ളുമന്ദം സ്വദേശി ഷണ്‍മുഖന്റെ മരണ സര്‍ട്ടിഫിക്കറ്റാണ് എടവക പഞ്ചായത്തില്‍ നിന്നും കഴിഞ്ഞ ദിവസം ഭാര്യ ശ്യാമളക്ക് ലഭിച്ചത്.മനുഷ്യാവകാശ ഉപഭോക്തൃത സംരക്ഷണ സമിതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.കാലതാമസം വരുത്തിയ ഉദ്യോഗസ്ഥര്‍ക്കതിരെ നടപടി ആവശ്യപ്പെട്ട് നിയമ നടപടിക്കൊരുങ്ങാനാണ് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതിയുടെ തീരുമാനം. അതേ സമയം പഞ്ചായത്തിന്റെ പിഴവല്ലെന്നും ഷണ്‍മുഖന്റെ കുടുംബം മരണം രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതാണ് സര്‍ട്ടിഫിക്കറ്റിന് കാലതാമസം വന്നതെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
എടവക എള്ളുമന്ദത്ത് താമസിച്ചിരുന്ന ഷണ്‍മുഖന്‍ 2002 മെയ് 8 ന് ആത്മഹത്യ ചെയ്യുകയായിരുന്നു. രണ്ട് മാസത്തിന് ശേഷം ഭാര്യ ശ്യാമള മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിച്ചിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. വീണ്ടും 2017 ല്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിട്ടും മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. ഒടുവില്‍ മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതിയുടെ ഇടപെടലിലാണ് ഏപ്രില്‍ 26ന് മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. അര്‍ബുദ രോഗം ഉള്‍പ്പെടെ നിത്യരോഗിയായ ശ്യാമള നിലവില്‍ മാനന്തവാടി ഒഴകോടിയില്‍ വാടകക്ക് താമസിച്ചു വരികയാണ്. ഏക മകന്‍ മാനന്തവാടിയിലെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്താണ് കുടുംബം പോറ്റുന്നത്. പഞ്ചായത്ത് അധികൃതരുടെ കൃത്യവിലോപം കാരണം പെന്‍ഷന് പോലും അപേക്ഷിക്കാന്‍ കഴിയാതെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ശ്യാമള തളളി നീക്കിയത് 21 വര്‍ഷം.