നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി പഴശ്ശി പാര്‍ക്ക് നാളെ തുറക്കും

0

മാനന്തവാടി: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള മാനന്തവാടി പഴശ്ശി പാര്‍ക്കിന്റെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി, പഴശ്ശി പാര്‍ക്ക് നാളെ തുറക്കും. 5 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും വിനോദസഞ്ചാരികള്‍ക്കായി പാര്‍ക്ക് തുറന്ന് കൊടുക്കുന്നത്. 1994 ലിലാണ് കബനി പുഴയോരത്ത് പ്രകൃതി രമണീയമായ പാര്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പാര്‍ക്ക് ആരംഭിച്ചത്. കുട്ടികളുടെ പാര്‍ക്ക്, ബോട്ടിംഗ്, കൃത്രിമ വെള്ളച്ചാട്ടം, നിരവധി ഇരിപ്പിടങ്ങള്‍ എന്നിവയെല്ലാം ഇവിടെ സജ്ജീകരിച്ചിരുന്നു. നിരവധി ആളുകളാണ് പാര്‍ക്ക് സന്ദര്‍ശിക്കാനായി എത്തിയിരുന്നത്.

അവധി ദിവസങ്ങളിലും മറ്റും ആയിരത്തിലധികം ആളുകള്‍ പാര്‍ക്കിലെത്തുകയും ഡി.ടി.പി.സിക്ക് നല്ലൊരു തുക വരുമാന ഇനത്തില്‍ ലഭിക്കുകയും ചെയ്തിരുന്നു. പീന്നീട് പാര്‍ക്ക് നാശത്തിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ തലത്തിലുമെല്ലാം നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കിയെങ്കിലും ഒന്നും ഫലവത്താകാതായതോടെ പാര്‍ക്ക് തീര്‍ത്തും ഉപയോഗ യോഗ്യമല്ലാതായി മാറുകയായിരുന്നു.

സംസ്ഥാന ടൂറിസം വകുപ്പിന്റ 50 ലക്ഷം രൂപയും ജില്ലാ ടൂറിസം വകുപ്പിന്റെ 36 ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തികള്‍ നടത്തിയത്. ടൈല്‍ പാകല്‍, ഇന്റര്‍ലോക്കിംഗ്, കുട്ടികളുടെ പാര്‍ക്ക്, കൈവരികള്‍, ഇരിപ്പിടങ്ങള്‍, ഓഫീസ് ബ്ലോക്ക്, കഫ്റ്റീരിയ, മുള ഉപയോഗിച്ചുള്ള ബോട്ട് ജെട്ടി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പെഡല്‍ ബോട്ടുകളാണ് വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. തുഴച്ചില്‍ ബോട്ടുകളും മറ്റും അടുത്തഘട്ടമായി എത്തും. രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തികള്‍ക്കായി രണ്ട് കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പാത്ത് വെ, പാര്‍ക്ക് മുഴുവന്‍ വൈദ്യുതീകരണം എന്നിവയാണ് രണ്ടാം ഘട്ട പ്രവര്‍ത്തികളില്‍ ഉള്ളത്. വൈദ്യുതി കരണം പൂര്‍ത്തിയാകുന്നതൊടെ പാര്‍ക്കിന്റെ പ്രവര്‍ത്തന സമയം രാത്രി 9 മണി വരെ ദീര്‍ഘിപ്പിക്കും. ഇത് നഗരത്തിലും പരിസര പ്രദേശ പ്രദേശങ്ങളിലും ഉള്ളവര്‍ക്ക് ഏറെ പ്രയോജനകരമായി മാറും. കാലങ്ങളായി അടഞ്ഞുകിടന്ന പഴശ്ശിപാര്‍ക്ക് സഞ്ചാരികള്‍ക്ക് തുറക്കുന്നതോടെ വിനോദസഞ്ചാര മേഖലയില്‍ ഏറെ ഗുണം ചെയ്യും.

Leave A Reply

Your email address will not be published.

error: Content is protected !!