ജിവിഎച്ച്എസ്എസ് അമ്പലവയല്‍ പ്ലാറ്റിനം ജൂബിലി നിറവില്‍

0

വയനാട്ടിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ ഒന്നായ അമ്പലവയല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിക്ക് വെള്ളിയാഴ്ച തുടക്കമാകും.75 വര്‍ഷങ്ങളായി നാടിന് വെളിച്ചം പകര്‍ന്നു നല്‍കുന്ന സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി 75 പരിപാടികളുമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതാണെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
1948 ല്‍ ആരംഭിച്ച ഈ സ്‌കൂള്‍ ആദ്യകാലത്ത് അമ്പലവയല്‍ പോലീസ് സ്റ്റേഷന് അടുത്തുള്ള പഴയ കെട്ടിടത്തിലും പിന്നീട് മ്യൂസിയത്തിനടുത്തുള്ള നിസ്സന്‍ ഹട്ടിലും പ്രവര്‍ത്തിച്ചു . 1964 ല്‍ ഹൈസ്‌കൂള്‍ ആയതോടെ എല്‍.പി.വിഭാഗം വേര്‍പെടുത്തി. യു.പി.,ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു.ഇന്ന് സ്‌കൂളിന് ബഹുനില കെട്ടിടങ്ങളും അത്യന്താധുനിക സൗകര്യങ്ങളുമുണ്ട് 31-3-2023 വെള്ളിയാഴ്ച നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സിനിമാതാരം ശിവപാര്‍വ്വതി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച ഇന്റര്‍ലോക്ക് പതിച്ച മുറ്റത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുരേഷ് താളൂരും പുതുതായി നിര്‍മ്മിച്ച സ്റ്റേജിന്റെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് എ.രഘുവും നിര്‍വഹിക്കും. 20 വര്‍ഷക്കാലമായി അമ്പലവയല്‍ സ്‌കൂളില്‍ സേവനം ചെയ്തു വിരമിക്കുന്ന സിഎം അബ്ദുല്‍സലാമിനെ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് ആദരിക്കും. ആഘോഷത്തിന്റെ ഭാഗമായി അന്നത്തെ ദിവസം വിളംബര റാലി, കുട്ടികളുടെ വിവിധ കലാപരിപാടികള്‍, വൈകിട്ട് മൂന്നുമണിക്ക് മാനന്തവാടി രാഗതരംഗ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും നടക്കും. 2023 ഡിസംബറില്‍ അവസാനിക്കുന്ന പ്ലാറ്റിനം ജൂബിലിക്ക് 75 വ്യത്യസ്തമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് .പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം. പൂര്‍വ്വ അധ്യാപക സംഗമം,കലാകായിക മേഖലകളെ പുരോഗതിയില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍, നാടന്‍ കലകളെ അടുത്തറിയുക ,കഥ,കവിത,നാടക ക്യാമ്പുകള്‍ സംഘടിപ്പിക്കുക ലഹരി വിമുക്ത സ്‌കൂള്‍ ആക്കുക, പ്ലാസ്റ്റിക് രഹിത പരിസ്ഥിതി സൌഹൃദ ക്യാമ്പസ് ആക്കുക, പിന്നാക്കക്കാര്‍ക്ക് സവിശേഷ പിന്തുണ ഉറപ്പാക്കുക, പ്രാദേശിക ചരിത്രം നിര്‍മ്മിക്കുക പ്ലാറ്റിനം ജൂബിലി സ്മാരകം നിര്‍മ്മിക്കുക ഗോത്ര ഫെസ്റ്റ് സംഘടിപ്പിക്കുക തുടങ്ങിയ 75 വ്യത്യസ്ത പരിപാടികളാണ് ജൂബിലിയുമായി ബന്ധപ്പെട്ട നടത്തുവാന്‍ തയ്യാറാകുന്നത്. സ്‌കൂളിന്റെ ഭൌതിക സാഹചര്യങ്ങളിലും അക്കാദമിക- അക്കാദമികേതര മേഖലകളിലും പുരോഗതി ഉണ്ടാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ ഷമീര്‍ ചെയര്‍മാനും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി ജി സുഷമ ജനറല്‍ കണ്‍വീനറും ആയിട്ടുള്ള 1001 അംഗ സംഘാടകസമിതിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂര്‍, പി.ടി .എ . പ്രസിഡണ്ട് എ.പി. രഘു ,സംഘാടക സമിതി ചെയര്‍മാന്‍ കെ.ഷമീര്‍, ജനറല്‍ കണ്‍വീനര്‍ പി.ജി.സുഷമ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!