കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കോളേജുകള്‍ അടക്കുന്നത് പരിഗണനയില്‍

0

സംസ്ഥാനത്ത് കോളേജുകള്‍ അടച്ചേക്കും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കോളേജുകള്‍ അടക്കുന്നതും പരിഗണിക്കുന്നത്. വിഷയത്തില്‍ അന്തിമ തീരുമാനം മറ്റന്നാള്‍ അവലോകന യോഗത്തില്‍ എടുക്കും. യോഗത്തിന്റെ അജന്‍ഡയില്‍ കോളേജ് അടക്കല്‍ കൂടി ഉള്‍പെടുത്തിയിട്ടുണ്ട്.
മറ്റന്നാള്‍ വൈകീട്ട് അഞ്ചിനാണ് കൊവിഡ് അവലോകനയോഗം. അമേരിക്കയില്‍ ചികിത്സയില്‍ ഉള്ള മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നൂറിലേറെ ക്ലസ്റ്ററുകള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ കൊവിഡ് അവലോകന യോഗം പൊതു സ്ഥലത്തെ കടുത്ത നിയന്ത്രണങ്ങളിലടക്കം തീരുമാനമെടുക്കും. രാത്രി കാല കര്‍ഫ്യുവും വന്നേക്കാം.

ഒന്നും രണ്ടും ഘട്ടത്തെക്കാള്‍ അതിതീവ്രമായ കൊവിഡ് വ്യാപനമാണ് കേരളം നേരിടുന്ന വെല്ലുവിളി. സ്‌കൂളുകളും കോളേജുകളും അടക്കം ക്ലസ്റ്ററുകളാകുകയാണ്. 120 ലേറെ കൊവിഡ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. എംജി കോളേജ്, ആള്‍ സെയിന്റ്‌സ്. മാര്‍ ഇവാനിയോസ് അടക്കമുള്ള തലസ്ഥാനത്തെ നിരവധി കോളേജുകള്‍ അടച്ചു കഴിഞ്ഞു. വെള്ളിയാഴ്ച മുതല്‍ 10,11,12 ക്ലാസുകള്‍ മാത്രമാണ് ഓഫ്‌ലൈനായി നടക്കുന്നത്. സ്‌കുളുകള്‍ ക്ലസ്റ്ററുകളാകുമ്പോള്‍ അവലോകനയോഗത്തില്‍ ഇതിലും എന്തെങ്കിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. മുന്നണി പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനും വ്യാപക കൊവിഡാണ്. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഡോക്ടര്‍മാരടക്കം നിരവധിപേര്‍ക്കാണ് കൊവിഡ്. സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെ പോലും ബാധിക്കുന്ന രീതിയിലാണ് സേനയിലെ രോഗവ്യാപനം.

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് രണ്ടഭിപ്രായമുണ്ട്. മാളുകളടക്കം പൊതുസ്ഥലങ്ങളില്‍ ആളുകളുടെ എണ്ണം കൂടുതല്‍ കുറച്ചേക്കും. അതേ സമയം സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ഉണ്ടാകില്ല. ഹോട്ടലുകളിലടക്കം കടുത്ത നിയന്ത്രണം വേണമെന്നാണ് തലസ്ഥാന ജില്ലയില്‍ മന്ത്രിമാരും കലക്ടറും പങ്കെടുത്ത യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടത്. സംഘടനകളുടെ യോഗങ്ങള്‍ നടത്തരുതെന്നാണ് നിര്‍ദ്ദേശം. സിപിഎം ജില്ലാ സമ്മേളനം തീര്‍ന്നപ്പോഴാണ് മന്ത്രിമാര്‍ പങ്കെടുത്ത യോഗം ചേര്‍ന്നത്. ജില്ലയില്‍ നേരത്തെ കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടും സിപിഎം ജില്ലാസമ്മേളനം നടന്നപ്പോള്‍ സര്‍ക്കാരോ ജില്ലാ ഭരണകൂടമോ ഒരു നടപടിയും എടുത്തിരുന്നില്ല.

തലസ്ഥാനത്തെ സ്ഥിതി അതിരൂക്ഷമാണ്. പരിശോധിക്കുന്ന രണ്ടിലൊരാള്‍ക്കാണ് രോഗം. വിദ്യാഭ്യാസമന്ത്രി കൊവിഡ് പൊസീറ്റിവായി. പൊളിറ്റിക്കല്‍ സെക്രട്ടറി അടക്കം മുഖ്യമന്ത്രിയുടെ ഓഫീസിലെ നിരവധിപേര്‍ക്ക് രോഗമുണ്ട്. വനം-ദേവസ്വം മന്ത്രിമാരുടെ ഓഫീസ് ഭാഗികമായി അടച്ചു. ജോലിക്കെത്തേണ്ട ജീവനക്കാരുടെ എണ്ണം അന്‍പത് ശതമാനമാക്കണമെന്നാണ് സര്‍വ്വീസ് സംഘടനകളുടെ ആവശ്യം. നിലവില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളൊന്നും ആരും കൃത്യമായി പാലിക്കാത്തതിനാല്‍ കൂടുതല്‍ കടുപ്പിക്കും. രാത്രി കര്‍ഫ്യു സജീവപരിഗണനയിലുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!