തരിശ് നിലത്തില്‍ നുറുമേനിയില്‍ മഞ്ച വിളഞ്ഞു
കാടുകയറി മൂടിയിരുന്ന തരിശ് നിലത്തില്‍ നാഷണല്‍ ആയുഷ്മിഷന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, ആയുഷ് ഗ്രാമം പദ്ധതിയില്‍ വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുമായി കൈകോര്‍ത്ത് മുണ്ടക്കല്‍ ആദിവാസി കോളനിയില്‍ മഞ്ഞള്‍ കൃഷി നടത്തി.വേരറ്റുപോകുന്ന വയനാടന്‍ മഞ്ഞളിനെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോയാണ് കൃഷി.ഔഷധ സസ്യ കൃഷി പ്രോത്സാഹനവും ആദിവാസി ശാക്തീകരണവും മുന്നില്‍ കണ്ടാണ് മഞ്ച എന്ന പേരില്‍ ജില്ലയില്‍ ആദ്യമായി ജൈവ വയനാടന്‍ മഞ്ഞള്‍ കൃഷിക്ക് ഇവിടെ തുടക്കമിട്ടത്.
പത്തേക്കര്‍ ഭൂമിയുള്ള കോളനിയിലെ ഒരേക്കര്‍ ഇതിനായി കണ്ടെത്തി. പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായ 10 ആദിവാസി ഗുണഭോക്താക്കളുടെ ക്ലസ്റ്റര്‍ രൂപീകരിച്ചു. മഞ്ച എന്ന പേരില്‍ സ്വാശ്രയ സംഘമായി രജിസ്റ്റര്‍ ചെയ്ത ഈ കൂട്ടായ്മയാണ് കൃഷിയില്‍ നേരിട്ടിറങ്ങിയത്. വെള്ളമുണ്ട പഞ്ചായത്ത് മുന്നൂറ് തൊഴില്‍ ദിനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഞ്ചയുമായി സഹകരിച്ചു. ആയുഷ് വകുപ്പ് നടീല്‍ വിത്തുകളും ലഭ്യമാക്കി. പൂര്‍ണ്ണമായും ജൈവമാതൃകയിലായിരുന്നു കൃഷി പരിപാലനം. തഴച്ചു വളര്‍ന്ന മഞ്ഞള്‍ വിളവെടുത്തപ്പോള്‍ പ്രതീക്ഷയുടെ നൂറുമേനി. പണിയ സമുദായക്കാരായ കോളനിവാസികള്‍ക്കും ആഹ്‌ളാദ നിമിഷം. മഞ്ഞള്‍ സംഭരിക്കാനും വയനാട് സോഷ്യല്‍ സര്‍വീസ് അതോറിറ്റിക്ക് കീഴിലുള്ള വേവിന്‍ മുന്നോട്ടെത്തി .
ഇതില്‍ നിന്നുള്ള വരുമാനം മഞ്ച കൂട്ടായ്മക്ക് തന്നെ നല്‍കും. വിത്ത് ഉപയോഗിച്ച് പുന കൃഷിയും നടത്താനാണ് തീരുമാനം. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കൃഷി വ്യാപിപ്പിക്കാനാണ് ആയുഷ് ഗ്രാമത്തിന്റെ തീരുമാനം. വയനാടന്‍ മഞ്ഞള്‍ പ്രത്യേകമായി ബ്രാന്‍ഡ് ചെയ്ത് വിപണയിലെത്തിക്കാനും ഇതുവഴി ഗോത്ര ജീവിത പുരോഗതിയും ആയുഷ് ഗ്രാമം ലക്ഷ്യമിടുന്നു . ലോക വിപണിയില്‍ വരെ പ്രീതിയുണ്ടായിരുന്ന വയനാടന്‍ മഞ്ഞളിന്റെ വ്യാപനവും ഇതിലൂടെ സാധ്യമാകും. കുട്ടികളില്‍ ശരിയായ ആരോഗ്യ ഭക്ഷ്യസംസ്‌കാരം വളര്‍ത്തുന്നതിന് വിദ്യാലയങ്ങളില്‍ ആയുഷ് ക്‌ളബ്ബുകളും കര്‍മ്മനിരതരാവുകയാണ്.
മാനന്തവാടി ബ്ലോക്കിലെ തൊണ്ടര്‍നാട്, തവിഞ്ഞാല്‍, വെള്ളമുണ്ട,എടവക തിരുനെല്ലി പഞ്ചായത്തുകളില്‍ നടപ്പിലാക്കി വരുന്ന നാഷണല്‍ ആയുഷ് മിഷന്‍ പദ്ധതിയില്‍ ജീവിത ശൈലീ രോഗ നിര്‍ണ്ണയവും ചികിത്സയും ഔഷധ സസ്യ കൃഷി പ്രചാരണം പ്രോത്സാഹനം, ഗൃഹവൈദ്യം,യോഗ,പകര്‍ച്ചവ്യാധി പ്രതിരോധം വിദ്യാലയങ്ങളില്‍ ആയുഷ് ക്ലബ്പ്രവര്‍ത്തനംതുടങ്ങിയവ നടത്തി വരുന്നു