നാളെ വിഭൂതി തിരുനാള്‍
യേശുദേവന്റെ പീഡാനുഭവ സ്മരണയിലേക്ക് പ്രവേശിച്ചുകൊണ്ട് ക്രൈസ്തവര്‍ നാളെ വിഭൂതി തിരുനാള്‍ ആചരിക്കും. ഇതോടെ ക്രൈസ്ത സമൂഹം വലിയ നോമ്പിലക്ക് പ്രവേശിക്കും. ക്രൈസ്തവ വിശ്വാസികള്‍ ഈ ദിനത്തില്‍ ദേവാലയങ്ങളിലെത്തി വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ നെറ്റിയില്‍ ചാരം കൊണ്ട് കുരിശു വരച്ച് അനുതാപ ചിത്തരായി പ്രാര്‍ത്ഥിക്കുന്നു. പഴയ നിയമ വേദപുസ്തകത്തില്‍ നിനിവേ നിവാസികള്‍ ചാക്കുടുത്ത് ചാരം പൂശി അനുതപിച്ച് രക്ഷയിലേക്ക് പ്രവേശിച്ചത് പോലെ നോമ്പിന്റേയും പരിഹാരത്തിന്റേയും ചൈതന്യം സ്വീകരിക്കുകയാണ് എല്ലാ ക്രൈസ്തവരും. വിഭൂതി തിരുനാളിന് മുന്‍പുള്ള ഞായാറാഴ്ച വലിയ നോമ്പിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കും. അന്നു മുതല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങളാണ് 50 നോമ്പ് ആയി ആചരിക്കുന്നത്. ക്രിസ്തുവിന്റെ പീഢാനുഭവം, കുരിശ് മരണം, സംസ്‌കാരം, പുനരുത്ഥാനം എന്നിവ ധ്യാനിക്കുകയാണ് 50 നോമ്പ് കാലത്ത് എല്ലാ ക്രൈസ്തവരും. ത്യാഗപൂര്‍ണ്ണമായ ജീവിതവും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും ക്രൈസ്തവര്‍ ഇക്കാലയളവില്‍ പുണ്യം തേടുന്നു. പ്രാര്‍ത്ഥനയും ഉപവാസവും വഴി യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് ദിവസത്തിന് തയാറെടുക്കന്നതിനും മാമ്മോദീസയില്‍ നടത്തിയ വാഗ്ദാനങ്ങള്‍ ഏറ്റുപറയുന്നതിനുമുള്ള ഒരു അനുഷ്ഠാനം എന്നതിലുപരി അദ്ധ്യാത്മികമായ വലിയൊരു ഉണര്‍വുകുടിയാണ് വിഭൂതിയും നോമ്പും പ്രദാനം ചെയ്യുന്നത്. കുരിശുവര തിരുനാളിനോട് അനുബന്ധിച്ച് കുടിയേറ്റ മേഖലയിലെ ദേവാലയങ്ങളില്‍ നാളെ പ്രത്യേക തിരുകര്‍മ്മങ്ങള്‍ നടക്കും. നോമ്പിനോട് അനുബന്ധിച്ച് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒരുക്കിയും 50 നോമ്പ് ആചരണത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ക്രൈസ്തവ സമൂഹം.