ഇംപ്ലിമെന്റ് ഓഫീസറില്ല :ഭക്ഷണ വിതരണം മുടങ്ങി
ഇംപ്ലിമെന്റ് ഓഫീസറില്ല. ഭക്ഷണത്തിനായി മാറ്റിവെച്ച 7 ലക്ഷം രൂപ പിന്‍വലിച്ച് നഗരസഭ. മാനന്തവാടി മെഡിക്കല്‍കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കാനായി മാനന്തവാടി നഗരസഭ മാറ്റിവെച്ചിരുന്ന തുകയാണ് പിന്‍വലിച്ചത്.ജില്ലാശുപത്രിയായിരുന്നപ്പോഴും പിന്നീട് മെഡിക്കല്‍കോളേജാക്കിയപ്പോഴും നഗരസഭയുടെ നേതൃത്വത്തില്‍ സായാഹ്ന ഭക്ഷണം നല്‍കി വന്നിരുന്നു.
കോവിഡ് വ്യാപിച്ചതോടെ ഭക്ഷണ വിതരണം നിലച്ചു. തുടര്‍ന്ന് 2022 – 23 വര്‍ഷത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സായാഹ്ന ഭക്ഷണം നല്‍കാന്‍ നഗരസഭ മാറ്റിവച്ചത് 7 ലക്ഷം രൂപയാണ്. ഈ തുക വിനിയോഗിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരെ സമീപിച്ചപ്പോള്‍ ഇംപ്ലിമെന്റ് ഓഫീസര്‍ ഇല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.
മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ കണ്ടപ്പോള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ഇതിന് അംഗീകാരം നല്‍കേണ്ടതെന്നും എന്നാല്‍ താനല്ല സൂപ്രണ്ടാണ് അധികാരം നല്‍കേണ്ടതെന്ന് മെഡിക്കല്‍ ഓഫീസറും പറഞ്ഞു.ഇതേത്തുടര്‍ന്ന് സായാഹ്ന ഭക്ഷണത്തിനായി നഗരസഭ മാറ്റിവെച്ച 7 ലക്ഷം രൂപ പിന്‍വലിക്കേണ്ട അവസ്ഥയും വന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാറായതിനാല്‍ മറ്റാവശ്യങ്ങള്‍ക്ക് ഈ തുക വിനിയോഗിച്ചില്ലെങ്കില്‍ തുക പൂര്‍ണ്ണമായും നഷ്ടമാകും. അതിനാല്‍ തന്നെ വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭ ഈ പണം നീക്കി വെച്ചു.