12300 ഹെക്ടര്‍ വനഭൂമിലെ മഞ്ഞക്കൊന്ന നശിപ്പിക്കും

0

വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷനില്‍ 12300 ഹെക്ടര്‍ വനഭൂമിയില്‍ വ്യാപിച്ചു കിടക്കുന്ന മഞ്ഞക്കൊന്ന നശിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.ആദ്യഘട്ടമെന്ന നിലയില്‍ 1086 ഹെക്ടര്‍ വനഭൂമിയിലെ മഞ്ഞക്കൊന്ന നശിപ്പിക്കാനാണ് നടപടി ആരംഭിച്ചത്. 2.27 കോടി രൂപയാണ് ഇതിനായി ടെന്‍ഡര്‍ തുക നിശ്ചയിച്ചിട്ടുള്ളത്. ടെന്‍ഡറുകള്‍ ഈ മാസം തന്നെ അന്തിമമാക്കി ഉടന്‍ തന്നെ ജോലി ആരംഭിക്കും.

 

 

കാടിന്റെ ജൈവ സമ്പത്തിനും ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയാകുന്ന സസ്യമാണ് മഞ്ഞക്കൊന്ന. സസ്യഭുക്കുകളായ വന്യജീവികള്‍ക്ക് ഉപയോഗപ്രദമല്ലാത്തതും മറ്റുതരം തദ്ദേശയിനം വൃക്ഷങ്ങളെ വളരാന്‍ അനുവദിക്കാത്തതുമാണ് ഈ സസ്യം. ഒരു ചെടിയില്‍ നിന്നും ആയിരക്കണക്കിന് വിത്തുകള്‍ വീണ് മുളയ്ക്കുന്നതും വേരുകളില്‍ നിന്നും കിളിര്‍ത്തു വരുന്നതും ആയതിനാല്‍ ഇവ അതിവേഗം കാടുകളില്‍ വ്യാപിക്കുന്നു.

നെഞ്ച് ഉയരത്തില്‍ 10 സെന്റി മീറ്ററിന് മുകളില്‍ DBH (Diametrical Breast Height) വണ്ണമുള്ള മഞ്ഞക്കൊന്ന മരങ്ങളുടെ പുറം തൊലി നീക്കം ചെയ്തുകൊണ്ട് (Debarking) അവ ഉണക്കി കളയുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുക. 10 സെന്റി മീറ്ററില്‍ താഴെ വണ്ണമുള്ള തൈകള്‍ വേരോടെ പിഴുതു മാറ്റുകയാണ് ചെയ്യുക.

ഡിബാര്‍ക്കിംഗ് പ്രവര്‍ത്തികള്‍ ടെന്‍ഡര്‍ കഴിഞ്ഞാല്‍ ഉടന്‍ ആരംഭിക്കും. എന്നാല്‍ 10 സെന്റി മീറ്ററില്‍ താഴെ വണ്ണമുള്ള തൈകള്‍ മഴക്കാലത്തോടെ മാത്രമെ പിഴുത് മാറ്റാന്‍ കഴിയുകയുള്ളൂ. വേരുകള്‍ പൊട്ടിപ്പോകാതിരിക്കാനാണ് ഈ പ്രവര്‍ത്തി മഴക്കാലത്ത് നടത്തുന്നത്. വേരുകള്‍ പൊട്ടിപ്പോകുന്ന പക്ഷം അതില്‍ നിന്നും വീണ്ടും തൈകള്‍ കിളിര്‍ത്ത് വരും. ഇതൊഴിവാക്കിക്കൊണ്ടാണ് പ്രവര്‍ത്തി നടത്തുക.

 

Leave A Reply

Your email address will not be published.

error: Content is protected !!