കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉപയോക്താവ് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനം കെഎസ്ഇബി നടപ്പാക്കുന്നു. വൈദ്യുതി ഉപയോഗം കണക്കാക്കി,അടയ്‌ക്കേണ്ട തുക ഇതിലൂടെ അറിയാം. ഇതിനായി പ്രത്യേക ആപ് ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. എസ്എംഎസ് വഴി കെഎസ്ഇബി അയയ്ക്കുന്ന ലിങ്കില്‍ പ്രവേശിച്ചാല്‍ ഉപയോക്താവിന്റെ വിവരങ്ങളും റീഡിങ് രേഖപ്പെടുത്തേണ്ട കോളങ്ങളും സ്‌ക്രീനില്‍ തെളിയും. അതതു പ്രദേശത്തെ കെഎസ്ഇബി മീറ്റര്‍ റീഡറുടെ ഫോണ്‍ നമ്പറും ഉണ്ടാകും.
തൊട്ടുമുന്‍പത്തെ റീഡിങ് സ്‌ക്രീനില്‍ കാണാം. ഇതിനടുത്തുള്ള കോളത്തില്‍ മീറ്ററില്‍ കാണുന്ന നിലവിലെ റീഡിങ് ടൈപ്പ് ചെയ്യണം.ഇതിനുശേഷം മീറ്റര്‍ ഫോട്ടോ എന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ മീറ്റിലെ റീഡിങ് നേരിട്ട് ഫോട്ടോ എടുക്കാം. ഈ ഫോട്ടോ സ്‌ക്രീനിലെ മറ്റൊരു കോളത്തില്‍ കതാണാം. മീറ്റര്‍ റീഡിങ് പൂര്‍ത്തിയായെന്നും സ്ഥിരീകരിക്കാനുള്ള ബട്ടണ്‍ അമര്‍ത്തുന്നതോടെ സെല്‍ഫ് മീറ്റര്‍ റീഡിങ് പൂര്‍ത്തിയാകും.
മീറ്റര്‍ റീഡമാര്‍ക്കാണ് ഈ വിവരങ്ങള്‍ ലഭിക്കുക. ഉപയോക്താവ് രേഖപ്പെടുത്തിയ റീഡിങും ഫോട്ടോയിലെ റീഡിങ്ങും ഒത്തുനോക്കി അപാകതകളില്ലെന്നു സ്ഥരികരിച്ച ശേഷം അടയ്‌ക്കേണ്ട തുക ഇപയോക്താവാന്റെ ഫോണിലേക്ക് എസ്എംഎസ് വഴി അറിയിക്കും. ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ വൈദ്യുതി ബില്‍ അടയ്ക്കാം.
സംവിധാനം ഇന്നു പ്രാബല്യത്തില്‍ വരും. അതേസമയം കെഎസ്ഇബിയില്‍ മൊബൈല്‍ നമ്പര്‍ റജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും മീറ്റര്‍ റീഡര്‍മാര്‍ നേരിട്ട് വന്ന റീഡിങ് നടത്തേണ്ടിവരും.