മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു.
കുട്ടമംഗലം മുസ്ലീം ഓര്‍ഫനേജ് ദുഅ ഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ 2232 പേര്‍ക്ക് ആധികാരിക രേഖകള്‍ നല്‍കി. 1216 ആധാര്‍ കാര്‍ഡുകള്‍, 661 റേഷന്‍ കാര്‍ഡുകള്‍, 1123 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 322 ബാങ്ക് അക്കൗണ്ടുകള്‍, 145 ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍, 892 ഡിജിലോക്കര്‍ എന്നിവയ്ക്ക് പുറമെ മറ്റ് രേഖകള്‍ ഉള്‍പ്പെടെ 6276 സേവനങ്ങള്‍ ക്യാമ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി.ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവില്‍ സപ്ലൈസ് വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, മുട്ടില്‍ ഗ്രാമ പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ജനന സര്‍ട്ടിഫിക്കറ്റ്, നഷ്ടപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നത് തുടങ്ങിയ രേഖകളാണ് ക്യാമ്പിലെ സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കിയത്. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍ മുഖ്യ പ്രഭാഷണം നടത്തി. കുട്ടമംഗലം ദുഅ ഹാള്‍ സൗജന്യമായി നല്‍കിയതിന് ഡബ്ല്യു.എം.ഒ ചീഫ് ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍ ഐഷ നൗറിന് സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി സ്‌നേഹോപഹാരം നല്‍കി.