റേഷന്‍കടയില്‍ കിട്ടുന്ന ‘കേന്ദ്രത്തിന്റെ ഭക്ഷ്യധാന്യം’ പ്രത്യേകം ബോധ്യപ്പെടുത്താന്‍ പ്രത്യേക രസീത്

0

റേഷന്‍ കടകള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഭക്ഷ്യധാന്യങ്ങളെക്കുറിച്ചു ജനങ്ങളെ ‘ബോധ്യപ്പെടുത്താന്‍’ ഇനി പ്രത്യേക രസീത് നല്‍കും. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി എന്തെങ്കിലും സാധനങ്ങള്‍ റേഷന്‍ കടകള്‍ വഴി നല്‍കിയാല്‍ അതിനു വേറെ രസീതും നല്‍കണം. ഇതു സംബന്ധിച്ചു കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശം കേരളം ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങള്‍ക്കു ലഭിച്ചു. ഭക്ഷ്യഭദ്രതാ പദ്ധതിയില്‍ ഉള്‍പ്പെട്ട മുന്‍ഗണനാ വിഭാഗം മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ജനുവരി മുതല്‍ ആരംഭിച്ച പുതുക്കിയ സംയോജിത സൗജന്യ റേഷന്‍ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ചു സംസ്ഥാനങ്ങള്‍ക്ക് ഉള്ള കത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

ഭക്ഷ്യഭദ്രതാ പദ്ധതി പ്രകാരം കേന്ദ്രം സൗജന്യമായി തരുന്ന ഭക്ഷ്യധാന്യങ്ങളാണെന്നും ഇതിന്റെ സബ്‌സിഡി തുക മുഴുവന്‍ വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും റേഷന്‍ കടകളിലെ ഇപോസ് മെഷീനില്‍ നിന്നു പ്രിന്റ് ചെയ്യുന്ന രസീതില്‍ രേഖപ്പെടുത്തും. രസീതിന്റെ മാതൃക തയാറാക്കി ഉടന്‍ കൈമാറുമെന്ന് കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും നല്‍കുന്ന റേഷന് വെവ്വേറെ ബയോ മെട്രിക് വിവരശേഖരണം റേഷന്‍ കടകളില്‍ സ്ഥാപിച്ചിരിക്കുന്ന ഇപോസ് മെഷീനില്‍ നടത്തണമെന്നും അറിയിച്ചിട്ടുണ്ട്.നിലവില്‍ മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ക്ക് സാധാരണ റേഷന്‍ ലഭിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പിഎംജികെഎവൈ) പദ്ധതി പ്രകാരം സൗജന്യ അരി ലഭിക്കാനും റേഷന്‍ കടകളിലെ ഇ പോസ് മെഷീനില്‍ രണ്ടു തവണയായി വിരല്‍ പതിപ്പിച്ച് ബയോ മെട്രിക് വിവരങ്ങള്‍ ഉറപ്പാക്കേണ്ടിയിരുന്നു. ഇ പോസ് നെറ്റ്വര്‍ക്കില്‍ നിന്നു കേന്ദ്ര സര്‍ക്കാരിന്റെ ‘അന്നവിതരണ്‍’ പോര്‍ട്ടലും ആയി ബന്ധിപ്പിച്ചിട്ടുള്ള സെര്‍വര്‍ മുഖേന റേഷന്‍ വിതരണത്തിന്റെ കണക്കു കേന്ദ്രത്തിനു നേരിട്ടു ശേഖരിക്കാന്‍ വേണ്ടിയാണു ഇത് ആരംഭിച്ചത്. ഈ നടപടി വ്യാപിപ്പിക്കുന്നതിനൊപ്പം ഉപയോക്താവിനെ കൂടി ഇക്കാര്യം അറിയിക്കുന്നതിന്റെ ഭാഗമായാണ് രസീതില്‍ കേന്ദ്രത്തിന്റെ മുദ്ര സ്ഥാപിക്കുന്ന പുതിയ നീക്കം.
മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ (അന്ത്യോദയ അന്ന യോജന എഎവൈ), പിങ്ക് (പ്രയോറിറ്റി ഹൗസ് ഹോള്‍ഡ്‌സ് പിഎച്ച്എച്ച്) നിറത്തിലെ കാര്‍ഡുകളുടെ ഉടമകള്‍ക്കു ഭക്ഷ്യഭദ്രതാ പദ്ധതി പ്രകാരം അരി കിലോയ്ക്ക് 3 രൂപയ്ക്കും ഗോതമ്പ് കിലോയ്ക്ക് 2 രൂപയ്ക്കും മറ്റു ധാന്യങ്ങള്‍ കിലോയ്ക്ക് ഒരു രൂപയ്ക്കുമാണു കേന്ദ്രം നല്‍കിയിരുന്നത്. ഇതു കൂടാതെ പിഎംജികെഎവൈ പദ്ധതി പ്രകാരം മഞ്ഞ, പിങ്ക് കാര്‍ഡ് അംഗങ്ങള്‍ക്ക് 5 കിലോ വീതം അരിയും സൗജന്യമായി നല്‍കിയിരുന്നു. ഈ പദ്ധതികള്‍ സംയോജിപ്പിച്ച് ഈ വര്‍ഷം മുഴുവന്‍ മുന്‍ഗണനാ കാര്‍ഡിലെ അംഗങ്ങള്‍ക്ക് പൂര്‍ണ സൗജന്യമായി ഭക്ഷ്യധാന്യം നല്‍കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ കേന്ദ്ര മന്ത്രിസഭ ഡിസംബറിലാണു തീരുമാനിച്ചത്.ഈ വര്‍ഷം വരാനിരിക്കുന്ന ചില സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണു പദ്ധതി എന്നു രാഷ്ട്രീയനിരീക്ഷകര്‍ സമൂഹമാധ്യമങ്ങളില്‍ വിലയിരുത്തിയിരുന്നു. ഇതിനിടെയാണു സൗജന്യ റേഷന്‍ വിതരണം ജനങ്ങളെ ബോധ്യപ്പെടുത്തണം എന്ന നിബന്ധനയോടെ കേന്ദ്ര നിര്‍ദേശങ്ങള്‍ അടങ്ങിയ കത്തു പുറത്തുവന്നിരിക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!