വത്തിക്കാനും എഫ്‌സിസി മഠവും പുറം തള്ളിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് പിന്തുണയുമായി ദേശീയ വനിതാ കമ്മീഷന്‍ രംഗത്തെത്തി.ലൂസി കളപ്പുരയ്ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയിക്ക് ദേശീയ വനിത കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ രേഖ ശര്‍മ്മ കത്തയച്ചു.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് മഠം അധികൃതരുടെ നടപടികളില്‍ ഒറ്റപ്പെട്ട സിസ്റ്റര്‍ ലൂസിയെപറ്റി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിത കമ്മീഷന്‍ ഇടപെട്ടത്.
എഫ്‌സിസി മഠത്തില്‍ നിന്ന് പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുര വത്തിക്കാനിലെ തിരുസഭയ്ക്ക് നല്‍കിയ മൂന്നാമത്തെ അപ്പീലും തള്ളിയതോടെ മഠം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലൂസിയോട് മഠം വിട്ടിറങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് ദേശീയ വനിതാ കമ്മീഷന്റെ നേരിട്ടുള്ള ഇടപെടല്‍. .വത്തിക്കാനും എഫ്‌സിസി മഠവും പുറം തള്ളിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് ഇത് വലിയ പിടിവള്ളിയാണ്.
സിസ്റ്റര്‍ ലൂസിഎഫ്‌സിസി മഠത്തില്‍ പല വിധത്തിലും അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തതായും ഒരു വ്യക്തി എന്ന നിലയിലുള്ള നീതി അവര്‍ക്ക് നിഷേധിക്കപ്പെട്ടതായും മനസിലാക്കുന്നതായും അതുകൊണ്ട് തന്നെ സിസ്റ്റര്‍ ലൂസിക്ക് മാന്യമായി ജീവിക്കാനുള്ള എല്ലാ സാഹചര്യവുമൊരുക്കണമെന്നാണ് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയിക്ക് ദേശീയ വനിത കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ രേഖ ശര്‍മ്മയുടെ നിര്‍ദ്ദേശം . വനിതാ കമ്മീഷര്‍ എഫ്‌സിസി മഠം മദര്‍ സുപ്പീരിയറിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.