മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ യുജി വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ പ്രവേശനത്തിനു ഏര്‍പ്പെടുത്തിയിരുന്ന ലിംഗവിവേചനം അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. രാത്രി 9.30ന് ശേഷം മൂവ്മെന്റ് രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ ഹോസ്റ്റലില്‍ പ്രവേശിക്കാമെന്നാണ് ഉത്തരവ്. രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കു മുതലാണ് ഇതു ബാധകം. ഗവ. മെഡിക്കല്‍ കോളജുകളിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ രാത്രി 10നു ശേഷം പ്രവേശിക്കുന്നതും പുറത്തു കടക്കുന്നതും വിലക്കിയ നടപടി വിവാദമാവുകയും ഇതിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കേസില്‍ വിധി പറയാനിരിക്കെയാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍, ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ തിരിച്ചെത്തേണ്ട സമയം 9.30 തന്നെയാണ്. അതിനുശേഷം എത്തുന്ന സാഹചര്യം ഉണ്ടെങ്കില്‍ രക്ഷാകര്‍ത്താവിന്റെ കുറിപ്പ് വാര്‍ഡനു നല്‍കണം. രണ്ടാം വര്‍ഷം മുതല്‍ 9.30ന് ശേഷം എത്തുന്ന വിദ്യാര്‍ഥികള്‍ ഗേറ്റില്‍ സുരക്ഷാ ജീവനക്കാരനെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം. സമയം കാണിച്ച് മൂവ്‌മെന്റ് റജിസ്റ്ററില്‍ ഒപ്പുവയ്ക്കണം. രക്ഷിതാക്കള്‍ ആവശ്യപ്പെട്ടാല്‍ അവരുടെ കുട്ടികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ നോക്കി മനസ്സിലാക്കാന്‍ അവസരം നല്‍കണം. ഹോസ്റ്റലുകള്‍ക്കു ചുറ്റുമുള്ള തെരുവു വിളക്കുകള്‍, സിസിടിവി ക്യാമറ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികാരികള്‍ എല്ലാ ആഴ്ചയും ഉറപ്പാക്കണം എന്നിവയും ഉത്തരവില്‍ പറയുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.