ഗവേഷണ ഫലം കൃഷി വകുപ്പിന് കൈമാറി
കുഞ്ഞോം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ നടത്തിയ ശാസ്ത്രഗവേഷണ ഫലം സംസ്ഥാന കൃഷിവകുപ്പിന് കൈമാറി. ജൈവ കീടനാശിനിയുടെ ഗവേഷണ പ്രൊജക്ട് മന്ത്രി പ്രസാദിനാണ് ചാത്തന്‍കോട്ടു നടയിലെ പൊതുപരിപാടിയില്‍ കുട്ടികള്‍ കൈമാറിയത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.എം അബ്ദുറഹ്‌മാന്‍, പ്രിന്‍സിപ്പാള്‍ ഷിജോ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രൊജക്ട് റിപ്പോര്‍ട്ടും നിവേദനവും കൈമാറിയത്.
കുട്ടികളുടെ ഈ കണ്ടുപിടുത്തത്തിന് അര്‍ഹമായ പരിഗണന നല്‍കുമെന്നും ജൈവകീടനാശിനിയുടെ ഉല്‍പ്പാദനത്തിന്റെയും ഉപയോഗത്തിന്റെയും സാധ്യതകള്‍ കൃഷിവകുപ്പ് പരിശോധിക്കുമെന്നും തുടര്‍പഠനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. കുഞ്ഞോം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ശാസ്ത്രാധ്യാപകനായ ഹസീസ് പി നേതൃത്വം നല്‍കുന്ന സയന്‍സ് ക്ലബ്ബ് അംഗങ്ങളാണ് ആദിവാസി ജനവിഭാഗങ്ങളുമായുള്ള വിനിമയങ്ങളിലൂടെ അവരുടെ കൂടി തദ്ദേശീയമായ അറിവുകളെ ചേര്‍ത്തുവെച്ച് ഈ ജൈവ കീടനാശിനി വികസിപ്പിച്ചത്. ഏറെ നാളത്തെ ഗവേഷണഫലമായി നിര്‍മ്മിച്ച ഇതിന്റെ ഫലം വിവിധ ലാബുകളിലും കൃഷിയിടങ്ങളിലും പരീക്ഷണ വിധേയമാക്കിയതും ഫലം ഉറപ്പ് വരുത്തിയതുമാണ്.കുഞ്ഞോം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അബിന ബെന്നി, പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി റാഷ ഹാരിഫ് എന്നിവരാണ് പാഴ്‌ച്ചെടികള്‍ എന്ന് കരുതുന്ന സസ്യങ്ങളില്‍ നിന്നും ഫലപ്രദമായ ജൈവ കീടനാശികള്‍ നിര്‍മ്മിച്ചത്. കാര്‍ഷിക മേഖലയില്‍ ഒരു വഴിത്തിരിവായി മാറാവുന്ന തങ്ങളുടെ ഈ ശാസ്ത്ര കണ്ടുപിടുത്തം ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഈ കൊച്ചു ശാസ്ത്രജ്ഞര്‍